പ്രിയങ്കയെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു; അത്യധികം അസ്വസ്ഥനാണെന്നും റോബര്‍ട്ട് വദ്ര

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശ് പൊലിസിനാല്‍ കയ്യേറ്റം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകന്റെ വീട്ടില്‍ സന്ദര്‍ശിക്കാനൊരുങ്ങിയ പ്രിയങ്കയെ പൊലീസ് വഴിയില്‍ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തതിനെതിരെ രൂക്ഷമായാണ് വദ്ര പ്രതികരിച്ചത്.

പ്രിയങ്കയെ വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്തതില്‍ ഞാന്‍ അത്യധികം അസ്വസ്ഥനെന്ന് വദ്ര പ്രതികരിച്ചു. ഒരാള്‍ അവളെ കഴുത്തിന് പിടിക്കുമ്പോള്‍ മറ്റൊരു പൊലീസ്് പ്രിയങ്കയെ തള്ളിയിട്ടതായും വദ്ര പറഞ്ഞു. പ്രിയങ്കയെ തടയുന്നതിന്റെയും മറ്റും ദൃശ്യങ്ങളടക്കം പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു റോബര്‍ട്ട് വദ്രയുടെ പ്രതികരണം.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതില്‍ അറസ്റ്റിലായ ഐപിഎസ് മുന്‍ ഓഫീസര്‍ എസ് ആര്‍ ദാരപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി ഇരുചക്രവാഹനത്തില്‍ തന്റെ യാത്ര പൂര്‍ത്തിയാക്കിയ പ്രിയങ്കയെ വദ്ര അഭിനന്ദിക്കുകയും ചെയ്തു.

അക്രമിക്കപ്പെട്ടവരോട് അനുകമ്പയുള്ള ആവശ്യമുള്ള ആളുകളിലേക്ക് എത്തിച്ചേരാനും ശ്രമിച്ച പ്രിയങ്കയെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നതായും
പ്രിയങ്ക ചെയ്തത് ശരിയായിരുന്നെന്നും വദ്ര ട്വീറ്റ് ചെയ്തു. ആവശ്യമുള്ളവരോ ദു .ഖിതരോ ആയിരിക്കാന്‍ ഒരു കുറ്റവുമില്ല

ആശയറ്റ ആളുകള്‍കൊപ്പം നില്‍ക്കുന്നതിലും അവരുടെ സങ്കടത്തില്‍ പങ്കുചേരലിലും ഒരു കുറ്റവുമില്ലെ വദ്ര കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥനായ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കഴുത്തില്‍ പിടിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.

‘ഞാന്‍ ദാരപുരിജിയുടെ കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ യു.പി പൊലീസ് എന്നെ തടഞ്ഞു. അവര്‍ എന്റെ കഴുത്തു ഞെരിച്ചു, കയ്യേറ്റം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവര്‍ എന്നെ വളഞ്ഞു, അതിനുശേഷം ഞാന്‍ അവിടെയെത്താന്‍ നടന്നു,’ പ്രിയങ്ക ഗാന്ധിയെ ഉദ്ധരിച്ചുഎ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ എന്ത് പറയണം അവര്‍ എന്നെ റോഡിന് നടുവില്‍ നിര്‍ത്തി. അവര്‍ക്ക് എന്നെ തടയാന്‍ ഒരു കാരണവുമില്ല. എന്തുകൊണ്ടാണ് അവര്‍ ഇത് ചെയ്തതെന്ന് ദൈവത്തിന് മാത്രമേ അറിയൂ!’ പ്രിയങ്ക മാധ്യമപ്രവര്‍ത്തരോടായി പറഞ്ഞു.

കലാപം നടത്തിയെന്നാരോപിച്ചാണ് കാന്‍സര്‍ രോഗിയായ ദാരാപുരിയെ ലഖ്‌നൗവിലെ വീട്ടില്‍ നിന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ദാരാപൂരിയെ കൂടാതെ സാമൂഹിക പ്രവര്‍ത്തകയും കോണ്‍ഗ്രസ് നേതാവുമായ സദഫ് ജാഫര്‍, റിട്ടഅഭിഭാഷകന്‍ മുഹമ്മദ് ഷൂബ്, നാടക കലാകാരന്‍ ദീപക് കബീര്‍, റോബിന്‍ വര്‍മ്മ, പവന്‍ റാവു അംബേദ്കര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

ദാരപുരി, ഷ്യൂബ്, റോബിന്‍ എന്നിവര്‍ റിഹായ് മഞ്ചിലെ അംഗങ്ങളും പവന്‍ സാമൂഹിക പ്രവര്‍ത്തകനുമാണ്. തുടക്കത്തില്‍ വീട്ടുതടങ്കലിലായിരുന്ന ഷ്യൂബിനെ ജനങ്ങളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് ഡിസംബര്‍ 19 നാണ് അറസ്റ്റുചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നിരുന്നു. 327 കേസുകളില്‍ 1,113 പേരെ അറസ്റ്റ് ചെയ്തതായും 5,558 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും യു.പി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.