‘ട്വീറ്റ് വളച്ചൊടിച്ചു, ഞാനിപ്പോള്‍ സിനിമാ നടിയല്ല’- വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് സൈറ വസീം

മുംബൈ: വെട്ടുകിളി ആക്രമണത്തെ കുറിച്ച് ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന മുന്‍ ബോളിവുഡ് താരം സൈറ വസീം വിശദീകരണവുമായി രംഗത്ത്. തന്റെ ട്വീറ്റ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിവാദമുണ്ടാക്കുകയായിരുന്നു എന്ന് സൈറ പറഞ്ഞു. ഇപ്പോള്‍ താനൊരു സിനിമാ നടിയല്ലെന്നും അവര്‍ വ്യക്തമാക്കി.

സൈറയെ പരിഹസിച്ച കനേഡിയന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ താരിക് ഫതേഹിനാണ് ഇവര്‍ മറുപടി നല്‍കിയത്.

‘ഇത് ശാപമാണ്, കോപമാണ് എന്ന് അവകാശപ്പെടുന്നത് ബുദ്ധിശൂന്യതയാണ് എന്നെനിക്കറിയാം. മതപരമായും അത് ഉത്തരവാദിത്വമില്ലായ്മയാണ്. അത്തരത്തില്‍ ഒരു അവകാശവാദം ഞാന്‍ നടത്തിയിട്ടില്ല. എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി ഉപയോഗിക്കുകയായിരുന്നു. എന്റെ വിചാരങ്ങള്‍ അത് എനിക്കും പടച്ചവനും ഇടയിലുള്ളതാണ്. അത് വിശദീകരിക്കേണ്ടതല്ല. അല്ലാഹുവിനോട് മാത്രമേ ഉത്തരം പറയേണ്ടതുള്ളൂ. അവന്റെ അടിമകളോടില്ല’ – സൈറ വ്യക്തമാക്കി.

‘വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്?, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു’ എന്ന് അര്‍ത്ഥം ഖുര്‍ആന്‍ സൂക്തമാണ് സൈറ പങ്കുവച്ചിരുന്നത്. തനിക്കു നേരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നാലെ ഇവര്‍ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചിരുന്നു.

ഒരു ദിവസത്തെ ഇടേവളയ്ക്ക് ശേഷമാണ് സൈറ വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഇനിയൊരിക്കലും ഒരു നടിയല്ല എന്ന വാക്കുകളോടെയാണ് ട്വിറ്റര്‍ കുറിപ്പ് അവസാനിക്കുന്നത്.