‘കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളല്ല, കോണ്‍ഗ്രസാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്’: കുമാരസ്വാമി

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസിനുള്ള കടപ്പാട് വ്യക്തമാക്കി എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണ കൊണ്ടല്ല, കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടാണ് താന്‍ മുഖ്യമന്ത്രിയായതെന്നും കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും കുമാരസ്വാമി പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് കുമാരസ്വാമി കോണ്‍ഗ്രസ് നല്‍കിയ സഹായത്തെ അനുസ്മരിച്ചത്.

‘സംസ്ഥാനത്തെ ജനങ്ങള്‍ എന്നെയും ഞങ്ങളുടെ പാര്‍ട്ടിയെയും തിരസ്‌കരിക്കുകയാണുണ്ടായത്. (തെരഞ്ഞെടുപ്പില്‍) കേവല ഭൂരിപക്ഷമാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നെ പിന്തുണച്ചു കൊണ്ടുള്ള കര്‍ഷക നേതാക്കളുടെ പ്രസ്താവനകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.’

‘എന്റേത് ഒരു സ്വതന്ത്ര സര്‍ക്കാറല്ല. മറ്റാരുടെയും സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലാത്ത തരത്തിലുള്ള കേവല ഭൂരിപക്ഷം നല്‍കാനാണ് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. പക്ഷേ, ഇന്ന് ഞാനിപ്പോള്‍ കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ്. സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളുടെ സമ്മര്‍ദത്തിനു കീഴിലല്ല ഞാന്‍.’ കുമാരസ്വാമി പറഞ്ഞു.

കര്‍ഷകരുടെ ബാധ്യതകള്‍ എഴുതിത്തള്ളുക എന്നത് തന്റെ പരിഗണനയാണെന്നും അതിന് ബി.ജെ.പിയുടെയോ കര്‍ഷക നേതാക്കളുടെയോ ഉപദേശം ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

‘കര്‍ഷകര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ നിങ്ങളേക്കാള്‍ മുന്നിലാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ നിങ്ങള്‍ എന്റെ രാജി ആവശ്യപ്പെടേണ്ടി വരില്ല. അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഞാനീ സ്ഥാനം രാജിവെക്കും. കര്‍ഷകരുടെ ബാധ്യത ഇല്ലാതാക്കുയാണ് എന്റെ പ്രധാന ലക്ഷ്യം. ഒരാഴ്ചയെങ്കിലും നിങ്ങള്‍ക്ക് കാത്തിരുന്നുകൂടെ? മന്ത്രിസഭ പോലും ഇപ്പോഴും രൂപീകരിച്ചിട്ടില്ല.’ – കുമാരസ്വാമി പറഞ്ഞു.

കര്‍ഷകരുടെ കടം എത്രയും പെട്ടെന്ന് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കര്‍ണാടകടയില്‍ ബന്ദ് ആഹ്വാനം ചെയ്തിരുന്നു.