കോവിഡിനെതിരായ ട്രംപിന്റെ ”ഗെയിം ചേഞ്ചര്‍”; ഹൈഡ്രോക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം

ലോകത്താകമാനം പകര്‍ന്ന് മഹാമാരിയായി മാറിയ കോവിഡ് 19നെതിരെ പ്രതിരോധമരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാങ്ങിക്കൂട്ടിയ ഹൈഡ്രോക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ട്രംപ് ”ഗെയിം ചേഞ്ചര്‍” എന്ന് വിളിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കോറോണ വൈറസിനെതിരെ ഫലപ്രദമല്ലെന്നാണ് പ്രീപ്രിന്റ് സെര്‍വര്‍ മെഡിആര്‍സിവ് നടത്തിയ പഠനം പറയുന്നത്.

കോവിഡ് ബാധിച്ച് അമേരിക്കയില്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നടത്തിയ പരിശോധനകളെ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട്. പ്രീപ്രിന്റ് സെര്‍വര്‍ പ്രസിദ്ധീകരിച്ച സമഗ്രപഠനത്തിനായി യുഎസിലുടനീളമുള്ള എല്ലാ വെറ്ററന്‍സ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ മെഡിക്കല്‍ സെന്ററുകളിലും അവലോകനം നടത്തിയതായി വ്യക്തമാക്കുന്നു.

അതേസമയം, മാരകമായ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിനോ ശുപാര്‍ശ ചെയ്യുന്നതിനോ എതിര്‍ക്കുന്നതിനോ വേണ്ടത്ര ക്ലിനിക്കല്‍ ഡാറ്റ ഇല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വിവാദ മരുന്നിന് പ്രചാരണവുമായി അമേരിക്കന്‍ പ്രസിഡന്റെ തന്നെ രംഗത്തെത്തിയത്. ട്രംപ് ഭരണകൂടം 30 ദശലക്ഷത്തിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഡോസുകളാണ് ശേഖരിച്ചത്. അതില്‍ വലിയൊരു ഭാഗം ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. കോവിഡ് രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വ്യപകമായി ഉപയോഗിക്കുന്നതിന പ്രോത്സാഹിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടി വമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.