സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടത്;ഹൈദരലി തങ്ങള്‍

മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
കൂട്ടം കൂടാതിരിക്കല്‍ , സാമുഹിക അകലം പാലിക്കല്‍, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കല്‍ , തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.

കോവിഡ് 19 രോഗം ക്രമാധീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ആരാധനാ കര്‍മ്മങ്ങള്‍ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ . ആഴ്ചകളോളം അടഞ്ഞ് കിടക്കുന്ന പള്ളികള്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം സങ്കടപ്പെടുത്തുന്നതാണ് . ഈ സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം . നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ല.ചെറിയ വീഴ്ചകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടിവരും. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നതിന് മഹല്ല് കമ്മറ്റികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കോവിഡ് 19 മഹാമാരിയുടെ ശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തണമെന്നും തങ്ങള്‍ പറഞ്ഞു.