ജി.എം ബനാത് വാല, അത്തറിന്റെ സുഗന്ധമുള്ള ഓര്‍മ്മകള്‍

പാണക്കാടിന്റെ പടികടന്ന് വരാറുള്ള ബനാത് വാല സാഹിബിനെ എപ്പോഴും ഓര്‍ക്കാറുണ്ട്. ശര്‍വാണിയുടെ പോക്കറ്റില്‍നിന്ന് വര്‍ണസഞ്ചിയില്‍ പൊതിഞ്ഞ അത്തറിന്റെ കുപ്പി എനിക്ക് സമ്മാനിക്കാറുണ്ടായിരുന്ന ബനാത് വാല സാഹിബ്. കേരളത്തില്‍ എപ്പോള്‍ വന്നാലും എന്തു തിരക്കുണ്ടെങ്കിലും പാണക്കാട് വരാറുണ്ട്. മറ്റുള്ളവര്‍ എന്നെ വിളിക്കുന്നത് കേട്ട് you are our Aattappu thangal എന്ന് ഇടക്കിടെ പറയാറുള്ളത് ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് പോലും അത്തറിന്റെ സുഗന്ധമാണ്.

ഭാര്യ മരിച്ച സമയത്ത് മുംബൈയിലെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും അവിടെനിന്ന് അദ്ദേഹത്തിന്റെ ഫോണില്‍ ഇക്കാക്കയെ വിളിച്ച് (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍) ദുആ ചെയ്യിപ്പിച്ചതും മറക്കാനാവില്ല. ദീര്‍ഘകാലം പൊന്നാനിയുടെ എം.പിയായിരുന്ന അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷത്തിന്റെ ശബ്ദം ധീരമായി മുഴക്കിയ നേതാവായിരുന്നു. അതോടൊപ്പം സാധാരണക്കാരായ ആളുകളുടെ ചെറിയ ആവശ്യങ്ങള്‍ പോലും മനസ്സിലാക്കി പരിഹരിക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബനാത് വാല സാഹിബുമായുള്ള ആ അടുപ്പത്തിന്റെ സുഗന്ധം ഇപ്പോഴും മനസ്സിലുണ്ട്. പദവികള്‍ ഉയര്‍ത്തി ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഒരുമിച്ചുകൂട്ടുമാറാകട്ടെ. ആമീന്‍.