രാഹുല്‍ രാഷ്ട്രത്തിന് കരുത്തുറ്റ നേതൃത്വമാകും; ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍. രാജ്യത്തിന്റെ മനഃസാക്ഷിയെ മതേതരത്വത്തിനൊപ്പം നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പാരമ്പര്യമാണ് നെഹ്‌റു കുടുംബത്തിന്റേത്. ഫാസിസത്തിനെതിരെ മതേതര ചേരി കൂടുതല്‍ ശക്തിപ്പെടേണ്ട സാഹചര്യത്തിലാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണിത്. വര്‍ഗീയ ധ്രുവീകരണത്തിന് കൂട്ടുനില്‍ക്കുന്ന ഭരണകൂട നിലപാടുകള്‍ ഫാസിസ്റ്റ് തേരോട്ടങ്ങള്‍ക്ക് ശക്തിപകരുന്ന കാലമാണിത്. എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ അടിച്ചമര്‍ത്തുന്നത് പതിവായിരിക്കുന്നു. മതേതര ശക്തികളെ ഒരുമിച്ചിരുത്തി രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ മുന്നേറ്റമാണ് ഇനി വേണ്ടത്. ഇതിന് രാഹുല്‍ ഗാന്ധിക്കു സാധിക്കും. മതേതര ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ രാഹുലിന് കഴിയട്ടെ എന്നും തങ്ങള്‍ ആശംസിച്ചു. രാഹുല്‍ ഗാന്ധിയെ നേരില്‍ വിളിച്ച് തങ്ങള്‍ അഭിനന്ദനമറിയിച്ചു.