കോവിഡ് കാരണം വിദേശത്ത് മരിച്ചവരുടെ കുടുബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം;ഹൈദരലി ശിഹാബ് തങ്ങള്‍

വിദേശ രാജ്യങ്ങളില്‍ കോവിഡ് മഹാമാരി കാരണം മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ മാത്രം നൂറിലധികം മലയാളികള്‍ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളല്ലാതെ എത്ര പേര്‍ മരിക്കുന്നു എന്ന കണക്കു പോലും നമ്മുടെ കൈവശമില്ല. നിരവധി കുടുംബങ്ങളാണ് അവരുടെ വിയോഗത്തോടെ അനാഥമായത്. പ്രാര്‍ത്ഥനക്കൊപ്പം ആ കുടുംബങ്ങളെ സഹായിക്കാനും നമുക്ക് ബാധ്യതയുണ്ട് തങ്ങള്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു കണക്കിലും ഉള്‍പ്പെടാതെ പൊലിഞ്ഞു പോകേണ്ടതല്ല അവരുടെ ജീവിതമെന്നും അവരും നമ്മുടെ സഹോദരങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.

കെ.എം.സി.സി ഘടകങ്ങളുടെ സാമൂഹ്യ സുരക്ഷാ സ്‌കീമില്‍ അംഗങ്ങളായവരും മരണപ്പെട്ടവരില്‍ ഉണ്ട്. കെ.എം.സി.സി അവരുടെ കുടുംബങ്ങളെ സഹായിക്കുന്നുണ്ട്. സന്നദ്ധ സംഘടനയായ കെ.എം.സി.സി കാണിക്കുന്ന കരുണയുടെ ഒരംശമെങ്കിലും ഈ മനുഷ്യരോട് കാണിക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശങ്ങളില്‍ കോവിഡ് മൂലം മരണപ്പെടുന്ന മലയാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും തങ്ങള്‍ പറഞ്ഞു.

SHARE