ഹൈദരലി ശിഹാബ് തങ്ങള്‍
കൊടപ്പനക്കല്‍ തറവാടിന്റെ മുറ്റത്ത് ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ബാപ്പയെ കാണാനും ആശ്വാസം തേടാനും നാനാദിക്കുകളില്‍നിന്ന് അതിരാവിലെ തന്നെ ആളുകളെത്തും. ബാപ്പ സമാധാനത്തോടെ അവരെയെല്ലാം കേള്‍ക്കും. ആശ്വാസത്തോടെ അവര്‍ മടങ്ങിപ്പോകുന്നത് കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. ഉമ്മ മരിച്ച ശേഷം മുതിരുന്നതു വരെയും ബാപ്പയുടെ ഒപ്പമുറങ്ങിയ രാവുകള്‍ ഇപ്പോഴും മനസ്സിലുണ്ട്. പരിപാടികള്‍ കഴിഞ്ഞ് രാവേറെ വൈകി ബാപ്പ വരുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കാറുള്ളതും ഞാനായിരുന്നു. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ ആറാം തരത്തില്‍ ചേരുന്നതുവരെ കിടത്തം ബാപ്പയോടൊപ്പമായിരുന്നു. ആ ഓര്‍മ്മകള്‍ക്കിപ്പോഴും എന്തു മധുരമാണ്!
1975 ഏപ്രില്‍ മാസത്തില്‍ ബാംഗ്ലൂരില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് ബാപ്പക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. വിദഗ്ധ ചികിത്സ വേണമെന്ന് സി.എച്ചും ചാക്കീരിയും പറഞ്ഞു. അങ്ങനെ കോഴിക്കോട് നിര്‍മല ആശുപത്രിയിലേക്കും പിന്നീട് ബോംബെയിലെ ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും കൊണ്ടുപോയി. ഞാനുമുണ്ടായിരുന്നു കൂടെ. ബാപ്പ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞ് ബോംബെ മലയാളികള്‍ കൂട്ടംകൂടി വരാന്‍ തുടങ്ങി. ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതായപ്പോള്‍ ചാക്കീരിയും അഹമ്മദാജിയുമെല്ലാം കൂടി അവരെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടു. പിന്നീട് വീട്ടിലേക്ക് പോന്നു. ജൂലൈ ആറിന് രാത്രി ആ തണല്‍ ഞങ്ങളെ വിട്ടകന്നു.
ബാപ്പ വിട്ടുപിരിഞ്ഞിട്ട് 45 കൊല്ലമായെങ്കിലും ഇപ്പോഴും ആ സ്‌നേഹ സ്പര്‍ശം ഞങ്ങളുടെ കൂടെയുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ആ ഓര്‍മകള്‍ ആശ്വാസമായി ഓടിയെത്താറുണ്ട്. അല്ലാഹു സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ. ആമീന്‍.