അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

ഹൈദരാബാദ്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അജ്ഞാതന്റെ വെടിയേറ്റു. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി പാര്‍ക്കിന് സമീപമാണ് സംഭവം.

സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴാണ് അക്ബറിന് വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം നെറ്റ്‌വര്‍ക്കിങ് ആന്റ് ടെലികമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അക്ബര്‍.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യു.എസിലേക്ക് പോകാന്‍ അടിയന്തര വിസ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് കുടുംബം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ തെലങ്കാനയില്‍ നിന്നുള്ള വംസി റെഡ്ഡി കാലിഫോര്‍ണിയയില്‍ വെച്ചും ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുചിബോദ്‌ല കന്‍സാസില്‍ വെച്ചും വെടിയേറ്റ് മരിച്ചിരുന്നു.