പൗരത്വവിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ഹൈദരലി തങ്ങളെ പരിഹസിച്ച് സി.പി.എം പ്രവര്‍ത്തകന്‍

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ സന്ധിയില്ലാ സമരം നടത്തുന്ന മുസ്‌ലിം ലീഗിന്റെ പോരാട്ടങ്ങള്‍ സംഘപരിവാറിനെക്കാള്‍ അസ്വസ്ഥപ്പെടുത്തുന്നതെന്ന് സി.പി.എമ്മിനെയാണെന്ന് വ്യക്തമാക്കി പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. കേന്ദ്രസര്‍ക്കാറിനെതിരെ ലീഗ് നടത്തുന്ന സമരപരിപാടികളുടെ ഫോട്ടോ, വീഡിയോ, വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം സോഷ്യല്‍ മീഡിയയില്‍ കണ്ടാല്‍ അതിനെ പരിഹസിച്ചും അധിക്ഷേപിച്ചുമുള്ള കമന്റുകളെല്ലാം സഖാക്കളുടേതായിരിക്കും എന്നതാണ് അവസ്ഥ. ഒരുമിച്ച് പൊരുതണമെന്ന് തെരുവില്‍ പ്രസംഗിക്കുന്നവരാണ് പൊതുവിഷയത്തില്‍ ലീഗ് നടത്തുന്ന ഇടപെടലുകളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം തിരൂരില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ഹൈദരലി ശിഹാബ് തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സി.പി.എമ്മിന്റെ സജീവ സൈബര്‍ പോരാളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്തവരെല്ലാം നിലത്തിരുന്നപ്പോള്‍ ഹൈദരലി തങ്ങള്‍ മാത്രമാണ് കസേരയിലിരുന്നത്. ഇതിനെയാണ് സി.പി.എം സൈബര്‍ പോരാളിയായ അഫ്‌സല്‍ പാണക്കാട് പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

ഇയാളുടേത് ഒരു ഒറ്റപ്പെട്ട ശബ്ദമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇയാളുടെ പോസ്റ്റില്‍ വന്നിരിക്കുന്ന കമന്റുകള്‍. ഇയാളെ പിന്തുണച്ചും ലീഗിനെ പരിഹസിച്ചും നിരവധി സി.പി.എം പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഈ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനും ഭരണഘനയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും ലീഗും പോഷകസംഘടനകളും അഹോരാത്രം സമരപരിപാടികളുമായി മുന്നോട്ട് പോവുമ്പോള്‍ ഈ സമരങ്ങളെല്ലാം ട്രോളുണ്ടാക്കാനുള്ള വെറും ചിത്രങ്ങള്‍ മാത്രമാണെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ മനസിലാക്കുന്നത്. പിണറായി വിജയന്റെ വിടുവായിത്തങ്ങള്‍ക്കപ്പുറം ഒരു പ്രധാന്യവും പൗരത്വവിഷയത്തിന് സി.പി.എം നല്‍കുന്നില്ലെന്ന് കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

SHARE