മദ്യപിച്ചെത്തി വഴക്ക്: ഭാര്യ വിഷക്കായ കഴിച്ച് മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു

അന്തിക്കാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശിനി ജ്യോതി (38), ഭാര്യ സജിത (30) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു സജിത വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തത്.

കിഴുപ്പിള്ളിക്കര ചെറിയ പാലത്തിനു സമീപം വാടകവീട്ടിലായിരുന്നു ജ്യോതിയും സജിതയും താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ചെത്തുന്ന ജ്യോതി സജിതയുമായി വഴക്കിടാറുണ്ടായിരുന്നു. മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സജിത വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് സജിതയെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെ സജിത മരിച്ചു. വിവരമറിഞ്ഞ ജ്യോതിയെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച വലപ്പാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍ നടക്കും. പത്തുവയസ്സുള്ള അഭിരാം, ഏഴുവയസ്സുകാരി അശ്വതി എന്നിവരാണ് ഇവരുടെ മക്കള്‍. ഇരുവരും പഴുവില്‍ സെന്റ് ആന്‍സ് എം.ജി.എസ്. വിദ്യാര്‍ഥികളാണ്.

SHARE