ദുബായ്: കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിര ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് ചന്ദ്രന് (28) ദുബൈയില്‍ മരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ആയിട്ടില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തനായിരുന്ന നിതിന്‍ ദുബൈയില്‍ സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായിരുന്നു. ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ പറക്കാനായത് വലിയ വാര്‍ത്തയായിരുന്നു. ദുബൈയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര, താനടക്കമുള്ള ഗര്‍ഭിണികളെ പ്രവാസ ലോകത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസിന്റെ യൂത്ത് വിങ്ങാണ് ആതിരയുടെ പേരില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
മെയ് ആദ്യവാരത്തില്‍ കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആതിര നാട്ടിലേക്ക് തിരിച്ചിരുന്നത്. ഇന്‍കാസിന്റെ യൂത്ത് കെയര്‍ ക്യാംപെയിനിന്റെ ഭാഗമായി ഷാഫി പറമ്പില്‍ എംഎല്എയായിരു്നനു ആതിരയ്ക്ക് വിമാന ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ഇതിന് പകരം അര്‍ഹതപ്പെട്ട 2 പേര്‍ക്ക് താന്‍ വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന് പറഞ്ഞിരുന്നു.
ജൂലായ് ആദ്യവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. ആദ്യ പ്രസവമായതിനാല്‍ നാട്ടില്‍ കുടുംബത്തിന്റെ പരിചരണം ആവശ്യമാണെന്നതിനാലാണ് യാത്രയ്ക്ക് ഒരുങ്ങിയത്. ആതിര നാട്ടിലേക്ക് മടങ്ങിയ ശേഷവും ലോക്ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കുവാനും രക്ത ലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ എത്തിക്കുവാനുമുൾപ്പെടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഒാടി നടക്കുകയായിരുന്നു ഇദ്ദേഹം.
നിതിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ദുബൈയില്‍ പുരോഗമിച്ചുവരികയാണ്.