ഭാര്യയെ കൊന്ന് പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍ഗോഡ്: ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടിതാഴ്ത്തിയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി സെല്‍ജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. രണ്ടുദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലും പ്രമീളയുടെ മൃതദേഹം കണ്ടെത്താനായില്ല. ചന്ദ്രഗിരി പുഴയിലാണ് പ്രമീളയെ കെട്ടിത്താഴ്ത്തിയത്.

ഭാര്യ പ്രമീളയെ കാണാതായെന്ന് കാട്ടി കഴിഞ്ഞമാസം ഇരുപതിനാണ് സെല്‍ജോ കാസര്‍ഗോഡ് വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പ്രമീളയെ സെപ്റ്റംബര്‍ 19 മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ സെല്‍ജോയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ താന്‍ തന്നെയാണ് പ്രമീളയെ കൊലപ്പെടുത്തിയതെന്ന് സെല്‍ജോ കുറ്റസമ്മതം നടത്തി.

SHARE