കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളം കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)യാണ് കൊല്ലപ്പെട്ടത്. എസ്.ആര്‍.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്സയോടൊപ്പമായിരുന്നു ഷീബ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി നിസ്‌ക്കരിക്കുന്ന സമയത്താണ് ഷീബയ്ക്ക് വെട്ടേറ്റത്. ഈ സമയത്ത് വീട്ടിലെത്തിയ ഷീബയുടെ ഭര്‍ത്താവായ ആലപ്പുഴ ലെജിനത്ത് വാര്‍ഡില്‍ വെളിപ്പറമ്പില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39) ഷീബയെ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉമ്മ അഫ്സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്സ ലൂര്‍ദ്ദ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ആസ്പത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്. വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. പക്ഷേ വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത്
പൊലീസ് പിടികൂടുകയായിരുന്നു. അക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിയിലും പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കാവലില്‍ എറണാകുളം സ്പെഷ്യലിസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഷീബയുടെ മൃതദേഹം ലൂര്‍ദ്ദ് ആസ്പത്രിയില്‍.

SHARE