ക്വാറന്റീന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യ കണ്ടത്; വന്‍ സര്‍പ്രൈസൊരുക്കി ഭര്‍ത്താവ്


കൊറോണക്കാലത്ത് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഭാര്യക്ക് വന്‍ സര്‍പ്രൈസ് നല്‍കി ഭര്‍ത്താവ്. എറണാകുളം മഞ്ഞപ്ര അനൂപാണ് ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയ ഭാര്യക്ക് സര്‍പ്രൈസൊരുക്കിയത്. ചെറിയ കുഞ്ഞുള്ളതിനാല്‍ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഭാര്യ പെയ്ഡ് ക്വാറന്റീനില്‍ പോയി. ഈ ക്വാറന്റീന്‍ കാലയളവിലെ രണ്ടാഴ്ചയിലാണ് ഭാര്യയെ ഞെട്ടിക്കുന്ന സര്‍പ്രൈസൊരുക്കയിത്. വെറൈറ്റി സര്‍പ്രൈസിന്റെ വിശേഷങ്ങളെ കുറിച്ച് അനൂപ് പറയുന്നതിങ്ങനെ:

ഏകദേശം 30 വര്‍ഷം മുന്‍പ് അച്ഛന്‍ പണിത വീടാണ് ഞങ്ങളുടേത്. അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. ആ സെന്റിമെന്റ്‌സ് കാരണം, കാലപ്പഴക്കത്തിന്റെ ക്ഷീണതകള്‍ വന്നപ്പോഴും വീട് ഞങ്ങള്‍ പൊളിച്ചുകളഞ്ഞില്ല. പകരം അകത്തളങ്ങള്‍ അടക്കം പുതുക്കിയെടുത്തു. അപ്പോഴും പുറംകാഴ്ച പഴയതുപോലെ നിലനിര്‍ത്തിയിരുന്നു.

അങ്ങനെ കൊറോണക്കാലമെത്തി. ഉപരിപഠനത്തിനായി ലണ്ടനിലായിരുന്ന ഭാര്യ ലിമ്മി മടങ്ങിയെത്തി. വീട്ടില്‍ ചെറിയ കുഞ്ഞുള്ളതിനാല്‍ പെയ്ഡ് ക്വാറന്റീനില്‍ പ്രവേശിച്ചു. അപ്പോഴാണ് തിരിച്ചുവീട്ടിലെത്തുമ്പോള്‍ അവള്‍ക്ക് ചെറിയൊരു സര്‍പ്രൈസ് കൊടുത്താലോ എന്നാലോചിച്ചത്. അതിന്റെ പേരില്‍ അധികം സമയവും കാശും കളയാനില്ല. അങ്ങനെ എന്റെ സുഹൃത്തും അയല്‍ക്കാരനും ഡിസൈനറുമായ ഷിന്റോയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. പുള്ളി വമ്പന്‍ പ്രോജക്ടുകള്‍ ചെയ്യുന്ന ഡിസൈനറാണ്. എന്നിട്ടും സൗഹൃദത്തിന്റെ പേരില്‍ എന്റെ ചെറിയ പ്രോജക്ട് ഏറ്റെടുത്തു.

പഴയ രൂപഭാവമുള്ള വാര്‍ക്കവീടായിരുന്നു. അതിനെ ട്രഡീഷണല്‍ ശൈലിയിലേക്ക് മാറ്റാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ജിഐ ട്രസ് വര്‍ക്ക് ചെയ്ത് ശേഷം പഴയ വീട് പൊളിച്ചിടത്തുനിന്നു ശേഖരിച്ച പഴയ ഓടുകള്‍ മേല്‍ക്കൂരയില്‍ വിരിച്ചു. പഴയ തടിപ്പലക കൊണ്ടു മുഖപ്പും തീര്‍ത്തു. സിറ്റൗട്ടില്‍ കണ്ണൂര് നിന്ന് കൊണ്ടുവന്ന ലാറ്ററൈറ്റ് ക്ലാഡിങ് ഒട്ടിച്ചു. പുറത്തെ പഴയ ലൈറ്റുകള്‍ മാറ്റി. പകരം ആന്റിക് ഫിനിഷുള്ള ലൈറ്റ് നല്‍കി.

പച്ചപ്പ് ഇഷ്ടപ്പെടുന്നവരാണ് വീട്ടുകാര്‍. നേരത്തെ ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മുന്‍വശത്തുണ്ടായിരുന്നു. അതിനെ പരിഷ്‌കരിച്ചു. ലാന്‍ഡ്‌സ്‌കേപ്പിലും പച്ചപ്പ് നിറച്ചു. അങ്ങനെ രണ്ടാഴ്ചയ്ക്കുള്ളില്‍ വീട് ഒരു പഴയ തറവാടിന്റെ കെട്ടിലേക്കും മട്ടിലേക്കും മാറി. ചെലവ് രണ്ടുലക്ഷത്തില്‍ താഴെ മാത്രമേ ആയുള്ളൂ. ക്വാറന്റീന്‍ കഴിഞ്ഞു, പഴയ വീടും മനസ്സില്‍വച്ചുകൊണ്ട് ഇവിടേക്കെത്തിയ ഭാര്യയുടെ മുഖത്തെ അദ്ഭുതഭാവമായിരുന്നു ഹൈലൈറ്റ്!..

SHARE