വികാരഭരിതനായി ദേശ സ്‌നേഹം പ്രകടിപ്പിച്ച് കരണ്‍ ജോഹര്‍

പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്‌നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യദ്രോഹിയെന്ന പേരില്‍ തന്നെ മുദ്രകുത്തിയതിലുള്ള ദുഃഖത്താലാണ് താന്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് പറഞ്ഞ കരണ്‍, രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വീഡിയോയില്‍ വ്യക്തമാക്കി. സിനിമയില്‍ ഇനി പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നും എന്നാല്‍, റിലീസിനൊരുങ്ങുന്ന യേ ദില്‍ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്നും വീഡിയോയിലൂടെ ബോളിവുഡ് സംവിധായകനന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടു.


.
പാക് താരം ഫവദ് ഖാന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് കരണിന്റെ പുതിയ സിനിമയായ ”യേ ദില്‍ഹേ മുഷ്‌കില്ലാണ്” വിവാദത്തിലായത്. സിനിമക്കും സംഘാടകര്‍ക്കും എതിരെ ചില സംഘടനകള്‍ രംഗത്തു വരുകയും ഉണ്ടായി. എന്നാല്‍ സിനിമയെ ചൊല്ലി പ്രതിഷേധം ഉയരുമ്പോഴും സംവിധായകന്‍ കരണ്‍ ജോഹര്‍ പ്രതികരിച്ചിരുന്നില്ല.

“ഫവദ് ഖാന്‍ എന്ന പാക് താരത്തിന്റെ സാന്നിധ്യത്തെ ചൊല്ലിയാണ് യേ ദില്‍ഹേ മുഷ്‌കില്ലിന് നേരെ പ്രതിഷേധം ഉയരുന്നത്. എന്നാല്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്നതിനിടയില്‍ താനുള്‍പ്പെടുന്ന ഇന്ത്യക്കാരുടെ പ്രയത്‌നങ്ങള്‍ കാണാതെ പോകുന്നത് ശരിയല്ല” കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച 300ല്‍ അധികം ഇന്ത്യക്കാരുടെ കഠിനാധ്വാനം പ്രതിഷേധം ഉന്നയിക്കുന്നവര്‍ മറന്നുകളയുകയാണെന്നും കരണ്‍ ജോഹര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍-ഡിസംബര്‍ മാസത്തിലാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. എന്നാല്‍ ആ സമയത്ത് സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യ പാക് ബന്ധത്തില്‍ അതിനു ശേഷമാണ് ഈ മാറ്റങ്ങള്‍ വന്നതെന്നും കരണ്‍ ജോഹര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ആ സമയത്ത് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കിടയിലുമുള്ള വികാരം തന്നെയാണ് തനിക്കുമെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.

അതേസമയം, സമൂഹവുമായി സജീവമായി പ്രതികരിച്ചിരുന്ന ട്വിറ്ററില്‍ നിന്നും വിരമിക്കുന്ന സൂചനയും കരണ്‍ ജോഹര്‍ ട്വീറ്റലുടെ നല്‍കിയിട്ടുണ്ട്.