ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ജാമിഅ മില്ലിയ്യയിലെ പൊലീസ് വേട്ടയുടെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടുക്കുമുള്ള ക്യാമ്പസുകളിലേക്ക് പ്രതിഷേധവും ഒപ്പം അറസ്റ്റും നടക്കുകയാണ്. ഫാസിസ്്റ്റ് രീതിക്കെതിരെയുള്ള് പോരാട്ടത്തിന് ഊര്‍ജ്ജം പടര്‍ന്നതോടെ രാജ്യത്തെ ക്യമ്പസുകളാകെ നീതിതേടിയുള്ള കേന്ദ്രങ്ങളായി മാറുകയാണ്.

വന്‍ പ്രതിഷേധ റാലിക്കാണ് കോഴിക്കോട് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഒരുങ്ങുന്നത്. ജില്ലയിലെ പ്രധാന ക്യാമ്പസുകളിലെ വിദ്യാര്‍്ത്ഥികള്‍ ആകെ ഇന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒത്തു ചേരും ശേഷം ബീച്ച് ലക്ഷ്യംവെച്ചുള്ള റാലി സംഘടിപ്പിക്കും. വിദ്യാര്‍ത്ഥി പ്രതിഷേധത്തിനും രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് നിരിവധി സംഘടനകള്‍ രംഗത്തെത്തി കഴിഞ്ഞു. കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് പരിസരത്ത് അഭിവാദ്യമര്‍പ്പിക്കും.
അതേസമയം, ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവും മംഗലാപുരവും ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ചരിത്രകാരന് രാമചന്ദ്ര ഗുഹയെ അടക്കം നിരവധി രാ്്ഷ്ട്രീയ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തു.
ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിലും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലുമെല്ലാം ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ദക്ഷിണേന്ത്യന്‍ ക്യാമ്പസുകളിലേക്കും സമരം വ്യാപിച്ചിട്ടുണ്ട്. മദ്രാസ്, വെല്ലൂര്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. കേരളത്തിലെ വിവിധ ക്യാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങി.
സംഘര്‍ഷം തണുപ്പിക്കുന്നതിനായി ഉസ്മാനിയ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ രാജ്യത്തെ പല ക്യാമ്പസുകളും അടച്ചിട്ടു. ഹോസ്റ്റലുകളില്‍നിന്ന് ഉള്‍പ്പെടെ ഒഴിഞ്ഞുപോകാന്‍ വിദ്യാര്‍ത്ഥികളെ അധികൃതര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവഗണിച്ചാണ് പലയിടത്തും നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങുന്നതും പ്രതിഷേധത്തില്‍ കണ്ണികളാകുന്നതും.
ഇതിനിടെ സംഘര്‍ഷത്തെ അടിച്ചൊതുക്കുന്നതിനുള്ള നടപടി ഡല്‍ഹി പൊലീസ് തുടരുകയാണ്. ജാമിഅ പൊലീസ് വേട്ടയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച സീലംപൂരിലും ജാഫറാബാദിലുമുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമം അഴിച്ചുവിട്ടുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമുള്ള കുറ്റം ചുമത്തിയാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സീലംപൂര്‍, ജാഫറാബാദ് സംഘര്‍ഷങ്ങളില്‍ 21 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ഏഴുപേര്‍ പൊലീസുകാരാണ്.
കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നംദിനവും പ്രതിഷേധം അലയടിക്കുകയാണ്. അക്രമം പ്രവര്‍ത്തിക്കില്ലെന്നും സമാധാനം നിലനിര്‍ത്തുമെന്നും പ്രതിജ്ഞ ചെയ്യിച്ച ശേഷമാണ് മമതയുടെ മഹാറാലി ഇന്നലെ ഹൗറ മൈതാനിയില്‍നിന്ന് തുടങ്ങിയത്. ഹൂഗ്ലി നദിയുടെ തീരത്തുകൂടെ നീങ്ങിയ പദയാത്ര ഹൗറ പാലം കടന്ന് അഞ്ച് കിലോമീറ്റര്‍ പിന്നിട്ട് എസ്പ്ലാന്ഡയില് സമാപിച്ചു. തമിഴ്നാട്ടില്‍ ഡി.എം.കെ നേതൃത്വത്തിലും മഹാറാലിക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. വിവിധ കക്ഷികളെ അണി നിരത്തിക്കൊണ്ട് 23നാണ് റാലി. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധവുമായി അണിനിരന്നവിദ്യാര്ത്ഥികള്ക്ക് പിന്തുണയുമായി മക്കള്‍ നീതിമയ്യം നേതാവ് കമല്ഹാസന് ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. അതേസമയം വാഴ്സിറ്റി ഗേറ്റില്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. അതേസമയം അസം തലസ്ഥാനമായ ഗുവാഹത്തിയിലും ദിബ്രുഗയിലും സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവു വന്നിട്ടുണ്ട്.
ഇതേതുടര്‍ന്ന് ഒരാഴ്ചയായി തുടരുന്ന നിരോധനാജ്ഞയില്‍ ഏതാനും മണിക്കൂറിന്റെ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിനിടെ സമരത്തിന്റെ മറവില്‍ റെയില്‍വേയുടെ സ്വത്തുകള്‍ നശിപ്പിക്കുന്നതെ സംഭവ സ്ഥലത്തുതന്നെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദി രംഗത്തെത്തി.