നൂറുകണക്കിന് കശ്മീരി അക്കൗണ്ടുകള്‍ വാട്‌സ്ആപ്പില്‍ നിന്നും കാണാതായി

സോഷ്യല്‍മീഡിയ ആപ്പായ വാട്‌സ്ആപ്പില്‍ നിന്നും ജമ്മു കശ്മീര്‍ സ്വദേശികളുടെ അക്കൗണ്ടുകള്‍ താനേ അപ്രത്യക്ഷമാകുന്നുവെന്ന് പരാതി. കശ്മീരികളായ കുടുംബക്കാരുടേയും സുഹൃത്തുക്കളുടേയും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആയി പോകുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് കശ്മീരികള്‍ തന്നെ പരാതി പങ്കുവെക്കുന്നത്. ആര്‍ട്ടില്‍ 370 പിന്‍വലിച്ചതിന് പിന്നാലെ കശ്മീരില്‍ നടപ്പാക്കിയ ഇന്റര്‍നെറ്റ് ഉപരോധം നാലാം മാസത്തിലേക്ക് നീളുന്ന വേളയിലാണ് കശ്മീരികളുടേ സാമൂഹമാധ്യമ അക്കൗണ്ടുകളും നഷ്ടമാകുന്നത്.

വാട്‌സ്ആപ്പ് അക്കൗണ്ടുകളും നഷ്ടമാകുന്നതായി ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലുാമായി ബന്ധപ്പെട്ടവര്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ടു ചെയ്ത ബസ്ഫീഡ് ന്യൂസ് വിശദീകരണത്തിന് വാട്‌സ്ആപ്പുമായി ബന്ധപ്പെട്ടിരുന്നു.

‘സുരക്ഷക്കും അനാവശ്യമായി ഡാറ്റ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി 120 ദിവസത്തിലേറെ പ്രവര്‍ത്തനരഹിതമായിരിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ താനേ നീക്കം ചെയ്യാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇത്തരം ഉപയോക്താക്കള്‍ അംഗമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും താനേ പുറത്താവുകയും ചെയ്യും’ എന്നായിരുന്നു വാട്‌സ്ആപ്പ് വക്താവ് അവരുടെ നയം വിശദീകരിച്ചുകൊണ്ട് പറഞ്ഞത്.

കശ്മീരില്‍ എല്ലാം പുനഃസ്ഥാപിക്കപ്പെട്ടതായി വാദങ്ങള്‍ക്കിടെയാണ് സ്വയം തെളിവാകുന്ന രീതിയുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്ത് നാലിനാണ് മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. കശ്മീരില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ബന്ധം സാധാരണ നിലയിലായിട്ടില്ലെന്നണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും പ്രതിഷേധ സൂചകമായി കശ്മീരികള്‍ സ്വയം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുമാണ് ആദ്യം പലരും ധരിച്ചത്. എന്നാല്‍, പോയ അക്കൗണ്ടുകള്‍ ഇന്‍വൈറ്റ് ഓപ്ഷനോടെ കാണ്ടതോടെയാണ് അസ്വാഭാവികമായതെന്തോ നടക്കുന്നതായി പലരും തിരിച്ചറിഞ്ഞത്.

SHARE