ഹ്യൂമേട്ടന്‍ റിട്ടേണ്‍സ്; ആരാധകര്‍ക്കൊരു സര്‍പ്രൈസ് സമ്മാനം

രണ്ടു സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഇയാന്‍ ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. ഏറെ മാറ്റങ്ങളുമായെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനായ കനേഡിയന്‍ താരം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടും. ഇന്നലെ രാവിലെയാണ് ഹ്യൂമുമായി കരാറൊപ്പിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്ന ആദ്യ വിദേശ താരമാണ് ഹ്യൂം. സ്‌ട്രൈക്കറായി ഒരു മികച്ച വിദേശ താരത്തെ കാത്തിരുന്ന ആരാധകര്‍ക്ക് മാനേജ്‌മെന്റിന്റെ സര്‍പ്രൈസ് സമ്മാനമായി ഹ്യൂമിന്റെ തിരിച്ചു വരവ്. അമര്‍ തൊമര്‍ കൊല്‍ക്കത്തയും പൂനെ സിറ്റിയും ഹ്യൂമിനായി കരുക്കള്‍ നീക്കിയിരുന്നുവെങ്കിലും കേരളത്തിലെ ആരാധകരുമായുള്ള ആത്മബന്ധം ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരികെ എത്തിച്ചു.

ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയ ഹ്യൂമിന് മലയാളികള്‍ ഹ്യൂമേട്ടന്‍ എന്ന സ്‌നേഹ വിശേഷണം ചാര്‍ത്തി നല്‍കിയിരുന്നു. പിന്നീട് രണ്ടു സീസണുകളിലും ഹ്യൂം കൊല്‍ക്കത്തക്കായി ബൂട്ടുകെട്ടി. ഹ്യൂമിനെ തിരിച്ചു കൊണ്ടു വരണമെന്ന് കഴിഞ്ഞ സീസണില്‍ ആരാധകര്‍ മുറവിളി കൂട്ടിയിരുന്നുവെങ്കിലും മാനേജ്‌മെന്റ് ചെവികൊണ്ടിരുന്നില്ല, ടീമിന്റെ പുതിയ സി.ഇ.ഒ ആയി വരുണ്‍ ത്രിപുരാനേനി ചുമതലയേറ്റതു മുതല്‍ തുടങ്ങിയ മാറ്റങ്ങള്‍ ഹ്യൂമിന്റെ തിരിച്ചു വരവിന് കാരണമായി.

കഴിഞ്ഞ ദിവസം നടന്ന പ്ലയര്‍ ഡ്രാഫ്റ്റ്‌സില്‍ ഒരു ഇന്ത്യന്‍ സ്‌ട്രൈക്കറെ മാത്രം തെരഞ്ഞെടുത്തത് വഴി ശക്തനായ വിദേശ സ്‌ട്രൈക്കറെ ടീമിലെത്തിക്കുമെന്ന സൂചനകള്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകര്‍ക്ക് നല്‍കിയിരുന്നു. പ്രതിരോധ നിരയും മധ്യനിരയും സന്തുലിതമായ ടീമിലേക്ക് കളം നിറഞ്ഞ് കളിക്കുന്ന ഹ്യൂമിന്റെ തിരിച്ചു വരവ് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കും. ഹ്യൂമിനെ തിരികെ എത്തിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ മാനേജ്‌മെന്റിന് ആരാധകരുടെ നന്ദി പ്രവാഹമാണ്. സി.കെ വിനീത്, ജാക്കിചന്ദ് സിങ്, അരാത്ത ഇസുമി എന്നിവര്‍ക്കൊപ്പം ഇയാന്‍ ഹ്യൂം ഗോള്‍ വേട്ടക്ക് നേതൃത്വം നല്‍കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

മൂന്നു സീസണുകളിലായി ഐ.എസ്.എലിലെ ടോപ് സ്‌കോററാണ് മുപ്പത്തിമൂന്നുകാരനായ ഹ്യൂം. ലീഗിന്റെ മൂന്നു പതിപ്പുകളിലായി ഹ്യൂമിന്റെ ബൂട്ടില്‍ നിന്ന് വലയിലെത്തിയത് 23 ഗോളുകള്‍. ആദ്യ സീസണില്‍ അഞ്ചു ഗോളുകള്‍ നേടി ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററും ലീഗിലെ മികച്ച താരവും ഹ്യൂമായിരുന്നു. തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ കൊല്‍ക്കത്തക്കായി നേടിയ 18 ഗോളുകള്‍ അവരുടെ കിരീട നേട്ടത്തിലടക്കം നിര്‍ണായ പങ്കു വഹിച്ചു. രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലയര്‍ അവാര്‍ഡ് സ്വന്തമാക്കിയ ഹ്യൂം കഴിഞ്ഞ രണ്ടു സീസണുകളില്‍ ഗോള്‍ഡന്‍ ബൂട്ട് റണ്ണര്‍ അപ് പുരസ്‌കാരവും നേടി. അതേസമയം, 2014ലും കഴിഞ്ഞ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും ഇത്തവണ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ കളിക്കുമെന്ന് സൂചനയുണ്ട്.