ഹദിയയുടെ വീട്ടുതടങ്കല്‍ ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: വിവാഹം റദ്ദാക്കി കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഹദിയയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസാണ് ഉത്തരവിട്ടത്്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല.

ഹാദിയയുടെ മനുഷ്യാവകശം സംബന്ധിച്ച പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ ഗൌരവമുള്ളതാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ബുധനാഴ്ച്ച ഹദിയയുടെ വൈക്കത്തെ വീടിന് മുന്നില്‍ പ്രതിഷേധമറിയിച്ചെത്തിയ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായി എത്തിയ സ്ത്രീകളാണ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചത്.

എന്നാല്‍ ഹാദിയയെ കാണാന്‍ അനുവിദിക്കില്ലെന്ന് പിതാവ് അശോകന്‍ അറിയിച്ചു. കൊണ്ടുവന്ന സമ്മാനങ്ങളെങ്കിലും ഹാദിയക്ക് നല്‍കണമെന്ന് സ്ത്രീകള്‍ അച്ഛന്‍ അശോകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. മകള്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. കൂടാതെ തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞതായും പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ വ്യക്തമാക്കി.

SHARE