തോറ്റുകൊടുക്കാതെ വാവെ; റഷ്യയില്‍ 5ജി കരാറില്‍ ഒപ്പുവെച്ചു

മാതൃകാ ചിത്രം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയും റഷ്യന്‍ ടെലകോം കമ്പനിയായി എംടിഎസും 5ജി കരാറില്‍ ഒപ്പുവെച്ചു. വാവെ അമേരിക്കന്‍ ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വാവെയെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ റഷ്യന്‍ കമ്പനിയുമായുള്ള കൂട്ടുകെട്ട് വാവെക്ക് ആശ്വാസമാകും. സാംസങിനെയും കടത്തിവെട്ടി സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് വാവെ. കമ്പനിയുടെ വളര്‍ച്ച പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കങ്ങള്‍. വാവെയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനും യു.എസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ യു.എസ് നിര്‍ദ്ദേശപ്രകാരം വാവെ ചീഫ് എക്‌സിക്യൂട്ടീവ് മെങ് വാന്‍സുവിനെ കാനഡ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ ഏറ്റവും നല്ല സുഹൃത്തെന്ന് വിശേഷിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്. മോസ്‌കോയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ചൈനീസ് പ്രസിഡന്റിന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. പുടിനുമായി ആഴത്തിലുള്ള വ്യക്തിബന്ധമാണുള്ളതെന്ന് ജിന്‍പിങ് പറഞ്ഞു. ആറ് വര്‍ഷത്തിനിടെ ഞങ്ങള്‍ മുപ്പത് തവണ നേരില്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച രാജ്യം റഷ്യയാണ്. പുടിന്‍ എന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമാണ്-ജിന്‍പിങ് വ്യക്തമാക്കി. ചൈന-അമേരിക്ക വ്യാപാര യുദ്ധം ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ജിന്‍പിങ്ങിന്റെ റഷ്യ സന്ദര്‍ശനം. റഷ്യ-ചൈന ബന്ധം കൂടുതല്‍ ശക്തമായിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. ആഗോളതലത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയും യൂറോപ്പും തങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന തോന്നല്‍ ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്കയുമായുള്ള ചൈനീസ് ബന്ധം വഷളായിരിക്കുകയാണ്. ഇറക്കുമതി തീരുവ ചുമത്തി ഏറ്റുമുട്ടലിന്റെ പാതയിലാണ് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ വ്യാപാര, നയതന്ത്ര, പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പുടിനും ജിന്‍പിങും തീരുമാനിച്ചു. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. മെഷിനറികള്‍, ഉപകരണങ്ങള്‍, ഉപഭോഗ വസ്തുക്കള്‍ തുടങ്ങിയവയാണ് റഷ്യയില്‍ ചൈന ഏറെയും ഇറക്കുമതി ചെയ്യുന്നത്. ഭാവി വെല്ലുവിളികള്‍ മുന്നില്‍ കണ്ട് സൈനിക, സാമ്പത്തിക മേഖലകളില്‍ ശക്തമായ സഹകരണത്തിന് ഉത്തേജനം പകരുന്ന കരാറുകളില്‍ പുടിനും ജിന്‍പിങ്ങും ഒപ്പുവെച്ചു.