ഫെയ്‌സ്മാസ്‌ക്ക് എങ്ങനെ അണുവിമുക്തമാക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ശന നിയമം ആയിരിക്കുകയാണ്. കടയില്‍ പോകാന്‍ മുതല്‍ യാത്ര ചെയ്യാന്‍ വരെ മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കുന്നതുപോലെതന്നെ മുഖത്തുനിന്ന് ശരിയായി ഊരുക എന്നതും പ്രധാനമാണ്. ഉപയോഗിച്ച മാസ്‌കില്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ ശരിയായി കഴുകുകയും വേണം. ഓരോ ഉപയോഗത്തിനുശേഷവും മാസ്‌ക്കുകള്‍ ശരിയായി കഴുകി അണുവിമുക്തമാക്കേണ്ടതാണെന്ന് യു.എസ് സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആളുകളെ ഉപദേശിക്കുന്നു.

തുണികൊണ്ടുള്ള മാസ്‌ക്കുകള്‍ വൃത്തിയാക്കുന്ന രീതി: സിഡിസി മാര്‍ഗരേഖ അനുസരിച്ച് കൈ കൊണ്ട് കഴുകിയും മെഷീനില്‍ നനച്ചും മാസ്‌ക് വൃത്തിയാക്കാം. വാഷിങ് മെഷീനിലാണെങ്കില്‍ ഒരു വാഷിങ് ബാഗില്‍ ഇട്ട് കഴുകണം. അല്ലെങ്കില്‍ കീറിപ്പോകും. സാധാരണ ഉപയോഗിക്കുന്ന സോപ്പുപൊടി ഉപയോഗിക്കാം. വാഷിങ് മെഷീനില്‍ അല്ലെങ്കില്‍ കൈകള്‍ കൊണ്ടു കഴുകാം. നിങ്ങള്‍ മാസ്‌ക് കഴുകുന്ന സ്ഥലം നനകല്ലാകട്ടെ, സിങ്ക് ആകട്ടെ അവിടെ അഴുക്കുകളൊക്കെ നീക്കം ചെയ്തിരിക്കണം. സിങ്കിലാണ് നനയ്ക്കുന്നതെങ്കില്‍ ഡ്രെയ്ന്‍ അടച്ചശേഷം ചൂടുവെള്ളം നിറയ്ക്കുക. ഒരു സ്പൂണ്‍ സോപ്പുപൊടി ഇട്ടശേഷം മാസ്‌ക് കൈകള്‍ കൊണ്ട് തിരുമ്മിക്കഴുകുക.

മാസ്‌ക് അഞ്ചുമിനിറ്റ് നേരം ഒരു ബക്കറ്റിലെ സോപ്പു വെള്ളത്തില്‍ ഇട്ടുവച്ചതാണെങ്കില്‍ ടാപ്പുവെള്ളത്തില്‍ പിടിച്ച് ഉരച്ചു കഴുകി എടുത്താല്‍ മതി. നനച്ചു പിഴിഞ്ഞ ശേഷം വിടര്‍ത്തി ഉണക്കാനിടുക. എന്നാല്‍ തിളച്ച വെള്ളത്തിലിട്ട് മാസ്‌ക് തിളപ്പിക്കുന്നത് അവയിലെ നാരുകളുടെ നാശത്തിന് കാരണമാകും. എന്നാല്‍ അരമണിക്കൂര്‍ നേരം 158 ഡിഗ്രി ഫാരന്‍ ഫീറ്റില്‍ (70 ഡിഗ്രി സെല്‍ഷ്യസ്) മാസ്‌ക് തിളപ്പിക്കുന്നത് നാരുകളെ ചീത്തയാകാതെതന്നെ വൈറസിനെ ഫലപ്രദമായി നശിപ്പിക്കാന്‍ സാധിക്കുമെന്ന് ജേണല്‍ ഓഫ് ദി ഇന്റര്‍ നാഷനല്‍ സൊസൈറ്റി ഫോര്‍ റസ്പിറേറ്ററി പ്രൊട്ടക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

SHARE