നിര്‍മലയുടെ നീണ്ട നീണ്ട ബജറ്റ്; ഉറങ്ങാതിരിക്കാന്‍ കോപ്രായം കാണിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മാന്ദ്യം മറികടക്കുന്നതിനോ തൊഴിലില്ലായ്മക്കെതിരായോ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനോ ആയ ഒരു പ്രത്യേക പദ്ധതിയുമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചതും നിഫ്റ്റിയില്‍ 50 സൂചിക തകര്‍ച്ച നേരിട്ടതും കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയുണ്ടായിട്ടുണ്ട്.

അതേസമയം, ഒരുപക്ഷേ പാര്‍ലമെന്റിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗത്തിലെ പൊള്ളത്തരത്തിനെതിരെയും പരിഹാസം ഉയരുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതിരിപ്പിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ ഉറക്കും തൂങ്ങുന്നത് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളാക്കുന്നുണ്ട്. നിര്‍മലയുടെ നീണ്ടു നീണ്ടുപോയ ബജറ്റ് അവതരണത്തിനിടെ ഉറങ്ങാതിരിക്കാന്‍ ഊര്‍ജ്ജ മന്ത്രിയും ബിജെപി എംപിയുമായ ആര്‍.കെ സിങ്‌ കണ്ണുകള്‍ കൊണ്ട് നടത്തുന്ന കോപ്രായം ഇതിനകം തന്നെ ട്വിറ്ററില്‍ വൈറലാണ്. ധനമന്ത്രിക്ക് തൊട്ടടുത്ത് നില്‍ക്കുന്നവര്‍ തന്നെ ഉറക്കംതൂങ്ങുന്ന നിലയിലാണെന്ന് ദൃശ്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മൊബൈല്‍ ഉപയോഗിച്ച് ടിവി സ്‌ക്രീനില്‍ നിന്നും പകര്‍ത്തിയ ദൃശ്യത്തിന്റെ ഘട്ടവും സമയവും ഘട്ടവും വ്യക്തമല്ല.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കാത്തതാണ് ഓഹരിവിപണിയിലെ വന്‍ ഇടിവിന് കാണമെന്നാണ് സൂചന. ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവക്കാണ് നിഫ്റ്റിയില്‍ കാര്യമായ തകര്‍ച്ച നേരിട്ടത്. മൂന്ന് ശതമാനത്തിലേറെ തകര്‍ച്ച ഇവയെല്ലാം നേരിട്ടു.

ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ മേഖലകളെയൊന്നും കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു ബജറ്റ് അവതരണം. സര്‍ക്കാരില്‍നിന്നും നിലവിലെ പ്രതിസന്ധിയെ മറികടക്കാനുതകുന്ന നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷയെന്നും എന്നാല്‍, പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കിയെന്നും സാമ്പത്തിക മേഖലയിലെ പ്രമുഖര്‍ പറയുന്നു.

ആദായനികുതിലെ ഇളവ് വിപണിക്ക് കരുത്തുപകരുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, യുലിപ്, മ്യൂച്ചല്‍ ഫണ്ട്, ചെറുകിട സേവിങ്സ് എന്നിവയെ പുതിയ ആദായ നികുതി നയം വിപരീതമായി ബാധിക്കുമെന്നും സൂചനയുണ്ട്.

ഓഹരി കൈമാറ്റ നികുതി, ദീര്‍ഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനഃസംഘടിപ്പിച്ച് വിപണിക്ക് ബജറ്റ് ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകൃതമായ ധനക്കമ്മി ലക്ഷ്യവുമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിരുന്നു.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമാണെങ്കിലും പൊള്ളയായ ബജറ്റായിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു്.

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടാണ് ധനമന്ത്രി പ്രസംഗം അവതരിപ്പിച്ചത്.