പുല്‍വാമ ഭീകരാക്രമണം; മോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ഉവൈസി

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് വഴിവെച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി.

രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നും ഭരണ പരാജയത്തില്‍ എത്ര മന്ത്രിമാര്‍ രാജിവെച്ചെന്ന് രാജ്യത്തോട് പറയണമെന്നും ഉവൈസിയുടെ പരിഹസിച്ചു. സ്‌ഫോടനത്തിനുള്ള ആര് ഡി എക്‌സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്റെ ഡിഎന്‍എ എവിടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഹൈദരാബാദ് എംപി ആവശ്യപ്പെട്ടു.
രാഷ്ട്രീയ, നയതന്ത്ര പരാജയത്തിനും മോദി രാജ്യത്തോട് ഉത്തരം പറയണമെന്നും ഒവൈസി പറഞ്ഞു.

ഇന്ത്യയുടെ പുത്രന്‍ തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ നമ്മുടേയും ശത്രുക്കളാണ്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തിനാണ് മുന്‍തൂക്കം. രാജ്യാതിര്‍ത്തിയും പരമാധികാരവും വിഷയമാകുമ്പോള്‍ യാതൊരു വിധ സന്ധിയുമില്ലെന്നും ഒവൈസി പറഞ്ഞു.

അതേസമയം 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാനെതിരെയും ഉവൈസി ശ്ക്തമായി പ്രതികരിച്ചു.
ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ പങ്കിനെക്കുറിച്ചാണ് പാക്കിസ്ഥാന്‍ തെളിവ് ചോദിച്ചിരിക്കുന്നത്. യുഎന്‍ നിരോധിച്ച ഭീകരസംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പാക്കിസ്ഥാന് വേണ്ടതെന്നും ഒവൈസി ചോദിച്ചു. പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയിലിലടക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍ മൗലാന അല്ല പിശാചിന്റെ ശിഷ്യനാണ്. ഹാഫിസ് സയ്യിദ് കൊലപാതികയാണെന്നും ഒവൈസി. ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലന്നും ഒവൈസി ആരോപിച്ചു.