തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബെംഗലൂരുവില്‍ അറസ്റ്റിലായ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതെങ്ങിനെയെന്ന ചോദ്യം ശക്തമാകുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന തിരുവനന്തപുരം നഗരത്തില്‍ നിന്നാണ് പ്രതികള്‍ കടുത്ത നിയന്ത്രണമുള്ള ബെംഗലൂരുവിലേക്ക് എത്തിയത്.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കിയിട്ട് ദിവസങ്ങളായി. സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായ ശേഷമാണ് മുഖ്യപ്രതികളായ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടത്. പാലോട് ഭാഗത്തേക്ക് ചീറിപ്പാഞ്ഞ് പോയ ഇന്നോവ കാര്‍ ഇവര്‍ സഞ്ചരിച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം വിടാന്‍ ഇവര്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ബലപ്പെട്ടു.
ബെംഗളൂരു നഗരത്തില്‍ മാത്രം മൂവായിരത്തിലേറെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുണ്ട്. ഇവിടേക്കാണ് കേരളത്തില്‍ പ്രതികള്‍ കടന്നത്. കൊറമംഗലയിലെ ഫ്‌ലാറ്റിലായിരുന്നു പ്രതികള്‍ കഴിഞ്ഞത്. കര്‍ണ്ണാടകത്തിലേക്ക് കടക്കാന്‍ രജിസ്‌ട്രേഷനും 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്.