നിങ്ങളില്‍ എത്രപേര്‍ ദലിതരോടൊപ്പം ഭക്ഷണം കഴിക്കും?; സംവരണവിരുദ്ധ നീക്കത്തില്‍ മോദി സര്‍ക്കാരിനെതിരെ അശോക് ഗെലോട്ട്

ജയ്പൂര്‍: സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സംവരണ വിരുദ്ധനീക്കങ്ങളെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബിജെപിയും ആര്‍.എസ്.എസ്സും എന്താണ് ചെയ്തതെന്നും നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ ദലിതരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമെന്നും അശോക് ഗെഹ്‌ലോത് ചോദിച്ചു. ജയ്പുര്‍ കളക്ടറേറ്റിന് സമീപം നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി.

ബിജെപിയെ ലക്ഷ്യമാക്കി ഗെലോട്ട് വിമര്‍ശിച്ചു, ഇന്നിവര്‍ മുസ്‌ലിംകളെ ആക്രമിക്കുകയാണ്, നാളെ അവര്‍ സിഖുകാര്‍ക്കും ബുദ്ധന്മാര്‍ക്കും നേരെ തിരിയും. എന്താണ് ഇവര്‍ക്ക് വേണ്ടത്? ഹിന്ദുരാഷ്ട്രമെന്ന അവരുടെ സ്വപ്നം ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും?, ഗെഹ്‌ലോത് ചോദിച്ചു.

ഗെലോട്ടിന് പുറമെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെ എന്നിവരും കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് സംവരണവിരുദ്ധ ശബ്ദമുണ്ടാക്കുകയാണെന്ന് ഗെലോട്ട് പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള തൊഴിലാളി ജനങ്ങളെ ഒത്തൊരുമിപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് മേധാവി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ എടുത്ത തീരുമാനങ്ങള്‍ വലിയതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, എസ്ടി, ഒബിസി എന്നിവര്‍ക്ക് 10 ശതമാനം വരെ സംവരണം നല്‍കിയാണ് അവരെ മികച്ചനിലയിലേക്ക് ഉയര്‍ത്തിയതെന്നും ‘അശോക് ഗെലോട്ട് പറഞ്ഞു.

സംവരണം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും മുന്നോട്ടുവരണം. അങ്ങനെ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് സംവരണം അവസാനിപ്പിക്കാനുളള ധൈര്യമുണ്ടാവില്ല. അവരുടെ പ്രസ്താവനകളില്‍ നിന്നുവരുന്ന ശബ്ദം, ആ ഭീഷണി അവിടെയുണ്ട്. നിങ്ങളെ ഇത് അറിയിക്കുന്നതില്‍ അസ്വസ്ഥനാണ് ഞാന്‍. സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കേണ്ട ബാധ്യതയില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നു. അത് വളരെ അപകടമാണ്.

സ്ഥാനക്കയറ്റത്തിന് സംവരണം ഉറപ്പുവരുത്തുന്നതിന് വേണ്ടി എന്തുകൊണ്ടാണ് ഒരു ഭേദഗതി കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത് രാജസ്ഥാനില്‍ നടപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനെ ഒരു മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങളും ഇപ്രകാരം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ എന്താണ് ആവശ്യപ്പെടാത്തത്. എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട യഥാര്‍ഥ പ്രശ്‌നം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.