പി.എസ്.ജിയെ നേരിടാനിരിക്കെ യുനൈറ്റഡിന് പരിക്ക് തിരിച്ചടി

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഫ്രഞ്ച് ടീമിനോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്ന മാഞ്ചസ്റ്ററിനു വേണ്ടി ഇന്ന് വിങര്‍ അലക്‌സി സാഞ്ചസ് കളിക്കില്ല. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വലതു കാല്‍മുട്ടില്‍ പരിക്കേറ്റ ചിലിയന്‍ താരത്തിന് ആറ് മുതല്‍ എട്ടുവരെ ആഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നെമാഞ്ച മാറ്റിച്ച്, ആന്റോണിയോ വലന്‍സിയ, ആന്ദര്‍ ഹെരേര, ജെസ്സി ലിങ്ഗാര്‍ഡ്, യുവാന്‍ മാട്ട എന്നിവര്‍ക്കു പിന്നാലെ സാഞ്ചസിനെയും പരിക്ക് പിടികൂടിയത് നിര്‍ണായക എവേ മത്സരം കളിക്കുന്ന യുനൈറ്റഡിന് ക്ഷീണമാവും. ഇന്നലെ പാരീസിലേക്ക് പുറപ്പെട്ട യുനൈറ്റഡ് സംഘത്തിനൊപ്പം മുന്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഉണ്ടായിരുന്നു. തിരിച്ചുവരവ് അസാധ്യമല്ലെന്നാണ് കോച്ച് സോള്‍ജ്യര്‍ വിശ്വസിക്കുന്നത്.