മഴക്കാല രോഗങ്ങളും കോവിഡും രോഗലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം?

ലോകം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ഓരോന്നായി കണ്ടെത്തുകയാണ്. എന്നാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിട്ട് വീഴ്ച്ച വരുത്താതെ മഴക്കാല രോഗങ്ങളെയും നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്.

വേനല്‍ക്കാലത്ത് നിന്നുള്ള അന്തരീക്ഷ ഊഷ്മാവ് പെട്ടെന്ന് മാറുന്നതിലൂടെ ജലദോഷം, ഫഌ, വൈറസ് ബാധ തുടങ്ങിയ പല രോഗങ്ങളും സാധാരണയായി കാണാറുണ്ട്. മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണില്‍ നിന്നു വെള്ളം വരിക, തലവേദന, ചെറിയ പനി തുടങ്ങിയ ലക്ഷണങ്ങളോടെ ഇവ വരാം. ബ്രോങ്കൈറ്റിസ് അഥവാ ചുമ, കഫം, ചെറിയ ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകാറുണ്ട്. അഞ്ചു മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ലക്ഷണങ്ങള്‍ സാധാരണഗതിയില്‍ ലക്ഷണങ്ങള്‍ക്കുള്ള പ്രാഥമിക ചികിത്സ കൊണ്ടുതന്നെയോ തനിയെയോ മാറിയേക്കാവുന്നതാണ്. പക്ഷേ, ബ്രോങ്കൈറ്റിസ്, അസ്മയുടെ അധിക്യം തുടങ്ങിയ അവസ്ഥകള്‍ക്ക് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

മലേറിയ, ഡെങ്കി തുടങ്ങിയവ വഴിയാണ് ഉണ്ടാകുന്നത്. അസുഖത്തിന്റെ ലക്ഷണങ്ങളായ പനി, കുളിര്, വിറയല്‍, തലവേദന, ശരീരവേദന, രക്ത സ്രാവത്തിന്റെയോ താഴ്ന്ന രക്ത സമ്മര്‍ദത്തിന്റെയോ ലക്ഷണങ്ങള്‍ തുടങ്ങിയവ കണ്ടാല്‍ എത്രയും വേഗം വൈദ്യസഹായം സ്വീകരിക്കുക. പരിസരശുചിത്വവും വ്യക്തി ശുചിത്വവും കൊണ്ട് മാത്രമേ ഇത്തരം കൊതുകുജന്യ രോഗങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഇവയ്ക്ക് വാക്‌സിനേഷന്‍ ലഭ്യമല്ല.

അശുദ്ധ ജലത്തില്‍ കൂടി പകരുന്ന വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയവയെല്ലാം മഴക്കാലത്ത് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതായി കാണുന്നു. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും ശുദ്ധമായ ജലത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയും ചെയ്യുക. കൈകള്‍ വൃത്തിയായി കഴുകുക. വയറിളക്കം, പനി, അമിതമായ ക്ഷീണം, മലത്തില്‍ കൂടി രക്തവും പഴുപ്പും പോകുക, ഛര്‍ദ്ദി, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് ഏതൊരു രോഗത്തെയും പ്രതിരോധിക്കുന്നതിലെ പ്രധാന ഘടകം.

SHARE