സ്വര്‍ണത്തിന് ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവ്; വില ഇനിയും കൂപ്പു കുത്തുമോ? ആശങ്കയില്‍ നിക്ഷേപകര്‍

ദുബായ്- കോവിഡ് കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ ആറു മാസമായി സ്വര്‍ണം കൈവരിച്ചിരുന്നത്. നിക്ഷേപകര്‍ മഞ്ഞലോഹത്തിലേക്ക് തിരിഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചു കയറുകയും ചെയ്തു. കയറ്റത്തിനിടെ, ബ്രേക്കിട്ട പോലെയാണ് ചൊവ്വാഴ്ച സ്വര്‍ണം താഴോട്ടു പോയത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ് ചൊവ്വാഴ്ചുണ്ടായത്.

ജൂലൈ 24ന് ശേഷം ആദ്യമായി ട്രായ് ഔണ്‍സിന്റെ (31.1 ഗ്രാം) വില 1990 ഡോളറിന് താഴേക്കു പോയി. ബുധനാഴ്ച വീണ്ടും ഒരു ശതമാനം ഇടിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 1,863 ഡോളര്‍ ആണ് ഇപ്പോഴത്തെ വില. ഈ മാസം ആദ്യം ട്രായ് ഔണ്‍സിന് 2,064 ഡോളര്‍ വരെ എത്തിയ ശേഷമാണ് വില താഴോട്ടു പോകുന്നത്.

2013ലാണ് സ്വര്‍ണത്തിന് ഇത്രയും വലിയ ഇടിവ് മുമ്പ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 5.7 ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. യു.എസില്‍ കോവിഡ് രോഗികള്‍ കുറഞ്ഞു വരുന്നത്, ഉത്തേജക പാക്കേജ്, കറന്‍സി വിനിമയത്തില്‍ ഡോളര്‍ കരുത്തു നേടിയത് തുടങ്ങിയവ സ്വര്‍ണത്തിന് തിരിച്ചടിയായി.

ഗോള്‍ഡ് ഇ.ടി.എഫുകളില്‍ നിന്ന് (എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട്) നിക്ഷേപകര്‍ പിന്മാറുന്ന സാഹചര്യവും ഉണ്ട്. ചൊവ്വാഴ്ച 0.3 ശതമാനം സ്വര്‍ണം പിന്‍വലിക്കപ്പെട്ടതായി ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ എക്‌സ്‌ചേഞ്ചായ എസ്.പി.ഡി.ആര്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് 2.73 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 10 ഗ്രാമിന് 50,513 രൂപ ആണ് ഇന്ന് രാവിലത്തെ വില. വെള്ളി വിലയില്‍ ആറു ശതമാനം കുറവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 62,918 രൂപയാണ് ഇപ്പോള്‍ ഒരു കിലോ വെള്ളി വില. കഴിഞ്ഞയാഴ്ച സ്വര്‍ണ വില പത്തു ഗ്രാമിന് 56,000 രൂപയും വെള്ളി കിലോയ്ക്ക് 78,000 രൂപയും കടന്ന ശേഷമാണ് താഴോട്ടു പോകുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ വിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യാപാരമാണ് സ്വര്‍ണം. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ഡോളറിന്റെ വിലയിടിവ് എന്നിവയാണ് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയത്. കോവിഡ് വാക്‌സിനെതിരെ റഷ്യ പുറത്തിറക്കിയ വാക്‌സിനും സ്വര്‍ണ വിപണിയെ ബാധിച്ചു എന്നും കരുതപ്പെടുന്നു.

കേരളത്തില്‍ പവന് 1600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇപ്പോള്‍ 39,200 രൂപയാണ് പവന്‍ വില. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞു.

SHARE