കോറോണ ഭീതി; അമേരിക്കയില്‍ തോക്കുകടകള്‍ക്ക് മുമ്പില്‍ വന്‍തിരക്ക്

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നു തുടങ്ങി യൂറോപ്പിലും ആസ്‌തേലിയയിലേക്കും കടന്ന കൊറോണ വൈറസ് ലോകത്തെ നിശ്ചലമാക്കിയതോടെ ആശങ്കയിലും ഭീതിയിലുമായ ജനം ആവശ്യസാധനങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ്. എന്നാല്‍ അവശ്യവസ്തുക്കള്‍ക്ക് വേണ്ടി സൂ്പ്പര്‍മാര്‍ക്കറ്റുകളില്‍ തര്‍ക്കത്തിലായ ദൃശ്യങ്ങള്‍ കണ്ട ലോകം കൊറോണ കാലത്ത് അമേരിക്കക്കാര്‍ കാണിച്ചുകൂട്ടുന്നത് കണ്ട് അന്ധാളിക്കുകയാണ്.

കോവിഡ് 19 ഭീതിക്കിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തോക്ക് സ്റ്റോറായ മെട്രോ അലന്തയില്‍ കഴിഞ്ഞ ദിവസം ആറും എട്ടും വരികളായാണ് ആളുകള്‍ തോക്കിന് വേണ്ടി ക്യൂ നിന്നത്. ലോസ് ഏഞ്ചല്‍സിലെ ഒരു തോക്ക് കടയില്‍ രൂപപ്പെട്ട വന്‍ വരി സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കൊറോണ വൈറസ് ഭീതിയില്‍ പരിഭ്രാന്തരായ അമേരിക്കന്‍ ജനത പലചരക്ക് കടകള്‍ കാലിയാക്കിയതിന് പിന്നാലെയാണ് തോക്കുകളും വെടിക്കോപ്പുകളും തേടി തെരുവുകള്‍ ചുറ്റാന്‍ തുടങ്ങിയത്. വൈറസ് പടര്‍ച്ചയുണ്ടായാല്‍ രാജ്യത്ത് ക്രമസമാധാനം തകരുമെന്ന ഭയമാണ് ആളുകളെ തോക്കുകളും ആയുധങ്ങളും വാങ്ങാന്‍ പ്രരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രവചനാതീതമായി നിയന്ത്രണങ്ങള്‍ വരുമ്പോള്‍ എന്തുചെയ്യുന്ന ആശങ്കയില്‍ സ്വയം രക്ഷക്കായി ആളുകള്‍ തോക്കുകളില്‍ അഭയം തേടുകയാണെന്ന് ഷോപ്പുടമകള്‍ പറയുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ തോക്ക് വില്‍പ്പനയില്‍ വന്‍വര്‍ധനയുണ്ടായതായി വ്യവസായ വിദഗ്ധര്‍ പറയുന്നു. ഇതുവരെ തോക്ക് വാങ്ങാത്ത ആളുകളും കടകളിലെത്തുന്നതായാണ് വിവരം. തന്റെ വെടിമരുന്ന് വില്‍പ്പനയില്‍ സാധാരണയെക്കാള്‍ അഞ്ചിരട്ടിയിലധികമാണുണ്ടാതെന്ന്, ജോര്‍ജിയയിലെ സ്മിര്‍നയില്‍ അഡ്വഞ്ചര്‍ ഔട്ട്‌ഡോര്‍ കടഉടമയായ ജെയ് വാലസ് പറഞ്ഞു. ഇത് ഭ്രാന്താണ്, അജ്ഞാതമായ എന്തോ ഭയത്തിലാണവരെന്നും വാലസ് പറഞ്ഞു.

അതേസമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തോക്കുവില്‍പ്പനയില്‍ നിയന്ത്രണം വരുത്താന്‍ ശ്രമിച്ചേക്കാമെന്ന ആശങ്കയും തിരക്കിന് കാരണമാകുന്നുണ്ട്. ഇല്ലിനോ മേയര്‍ അടുത്തിടെ തോക്കുവില്‍പ്പന നിരോധിച്ച ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഐഡഹോയിലെ ഒരു സ്റ്റോറെങ്കിലും വില്‍പ്പനയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

എന്നാല്‍, ആസ്പത്രി കിടക്കകളേക്കാള്‍ കൂടുതല്‍ ജയില്‍ കിടക്കകളും മരുന്നു ഷോപ്പുകളെക്കാള്‍ കൂടുതല്‍ തോക്ക് കടകളും ഉള്ള രാജ്യമാണ് അമേരിക്ക. കൊറോണ വൈറസ് മൂലം മരിച്ചവരേക്കാള്‍ കൂടുതല്‍ വെടിയേറ്റ് മരിച്ച യുവാക്കളുടെ എണ്ണമാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാവുന്നത്.

അതേസമയം, അമേരിക്കയിലും കോവിഡ് 19 പടര്‍ച്ച ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തശേഷം ഏറ്റവും മോശം ദിവസമാണ് തിങ്കളാഴ്ചയെന്ന് ആരോഗ്യ വകുപ്പുകള്‍ അറിയിച്ചു. കൊറോണ മൂലം യുഎസില്‍ കുറഞ്ഞത് 108 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍. അമേരിക്കയുടെ 50 സ്‌റ്റേറ്റുകളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. 6,300 ല്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവിരം. അതേസമയം കോവിഡ് 19 മൂലം ലോകത്താകെ മരണസംഖ്യ 7,900 കടന്നു.