ഇന്ത്യന്‍ സൈനികരെ എന്തിന് നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചു; ചോദ്യംചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നെന്ന് രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നും ആരാണ് അതിനുത്തരവാദിയെന്നും രാഹുല്‍ ചോദിച്ചു.

തിങ്കളാഴ്ച രാത്രി ഇന്ത്യ-ചൈന അക്രമങ്ങള്‍ നടന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന വിരമിച്ച കരസേനാ ഉദ്യോഗസ്ഥന്റെ അഭിമുഖവും പങ്കുവെച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് . ഇന്ത്യന്‍ സൈന്യത്തിന് ഇതുവരെ ഇത്തരം അപമാനങ്ങള്‍ നേരിട്ടിട്ടില്ലെന്നും ചരിത്രത്തില്‍ ഒരിക്കലും നിരായുധരായ സൈനികരെ രാജ്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ പനാഗ് അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ തലത്തിലും സൈനിക തലത്തിലും ഇത് വലിയ പരാജയമാണെന്നും ലഫ്റ്റനന്റ് ജനറല്‍ പനാഗ് കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സൈനികരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്നലെയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിക്കുന്നത്. 

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി പുറത്തുവന്ന് സത്യം പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയെ പരാമര്‍ശിക്കാതെ സൈന്യത്തെ അപമാനിക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നടപടിയേയും രാഹുല്‍ ചോദ്യം ചെയ്തിരുന്നു. 20 സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ രണ്ട് ദിവസമെടുത്തതെന്തെന്നും രാഹുല്‍ ചോദിച്ചു.