ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്തോട് അഭിസംബോധന ചെയ്യവെ കോവിഡിനെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഇരുപത് ലക്ഷം കോടി രൂപയാണ്. ഏകദേശം രാജ്യത്തിന്റെ ജി.ഡി.പിയുടെ പത്തു ശതമാനം. രാജ്യത്ത് ഇതുവരെ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന പാക്കേജാണിത്. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ കടം എഴുതിത്തള്ളല്‍, ജി.എസ്.ടി നിരക്കു കുറയ്ക്കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ് എന്നാണ് സൂചന.
ഇത്രയും പണം എവിടെ നിന്ന്?
ഇത്രയും വലിയ പണം എവിടെ നിന്ന് കിട്ടും എന്നതാണ് വലിയ ചോദ്യം. ബജറ്റിന് അനുസൃതമായാണ് രാജ്യത്തിന്റെ ധനവിനിയോഗം നടക്കുന്നത്. പുതുതായി പ്രഖ്യാപിക്കപ്പെട്ട തുക, ബജറ്റിന് അകത്തോ പുറത്തോ എന്നതില്‍ വ്യക്തതയില്ല.

30.42 ലക്ഷം കോടിയാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റിലെ മൊത്തം ചെലവ്. പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി ഇതിന് അകത്താണ് എങ്കില്‍ പദ്ധതിച്ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തതയും തരാതെ എല്ലാ കാര്യങ്ങളും ധനമന്ത്രി നിര്‍മല സീതാരാമന് വിടുകയാണ് മോദി ചെയ്തത്.
പാക് ജി.ഡി.പിക്ക് തുല്യം
ഡോളറിലേക്ക് മാറ്റുമ്പോള്‍ മോദി പ്രഖ്യാപിച്ചത് 266 ബില്യണിന്റെ പാക്കേജാണ്. വിയറ്റ്‌നാം, പോര്‍ച്ചുഗല്‍, ഗ്രീസ്, ന്യൂസീലാന്‍ഡ്, റൊമാനിയ തുടങ്ങിയ 149 രാജ്യങ്ങളുടെ ജി.ഡി.പിയിലേക്കാള്‍ കൂടുതല്‍ വരുമിത്. ഏകദേശം പാകിസ്താന്റെ ജി.ഡി.പിക്ക് (284 ബില്യണ്‍ ഡോളര്‍) തുല്യവും.
അംബാനിയുടെ ആസ്തിയുടെ അഞ്ചിരട്ടി
ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയിലെ ആദ്യ പത്തു ശതകോടീശ്വരന്മാരുടെ സമ്പത്ത് 147 ബില്യണ്‍ ഡോളര്‍ വരും. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജ് അതിന്റെ 1.8 മടങ്ങ് കൂടുതലാണ്. മുകേഷ് അംബാനിയുടെ വ്യക്തിഗത ആസ്തിയുടെ അഞ്ചിരട്ടി കൂടുതല്‍.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ മൊത്തം മൂല്യത്തിന്റെ 17 ശതമാനം വരുന്ന തുകയാണിത്. ബി.എസ്.ഇയുടെ മൊത്തം വിപണി മൂല്യം 121 ലക്ഷം കോടിയാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആസ്തി മൂല്യം 9.8 ലക്ഷം കോടി രൂപയാണ്. അതിന്റെ ഇരട്ടി വരും ഇപ്പോഴത്തെ ഉത്തേജന പാക്കേജ്.