ചെയ്തത് തെറ്റെന്ന് പറഞ്ഞ് കോമരം; വീട്ടമ്മ ആത്മഹത്യ ചെയ്തു; കോമരം അറസ്റ്റില്‍

തൃശൂര്‍: സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം ഉറഞ്ഞുതുള്ളിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ കോമരമായ പ്രദേശവാസി ശ്രീകാന്ത് അറസ്റ്റിലായി. തൃശൂര്‍ മണലൂരില്‍ ക്ഷേത്രത്തില്‍ കോമരം തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചത്.

യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തില്‍ മാപ്പ് പറയണമെന്നും ആയിരുന്നു ഇയാള്‍ പറഞ്ഞത്. ഇരുനൂറോളം ആളുകള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു കോമരത്തിന്റെ കല്‍പ്പന. തുടര്‍ന്നുണ്ടായ അപമാന ഭാരത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. വീട്ടിലെത്തിയ യുവതി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സുഹൃത്തിന്റെ ആവശ്യപ്രകാരമായിരുന്നു കോമരമായ ശേഷം ശ്രീകാന്ത് യുവതിക്കെതിരെ ആരോപണം ഉന്നയിച്ചത്. മരിച്ച യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കോമരമായ ശ്രീകാന്തും സുഹൃത്ത് ജനമിത്രനും നേരത്തെയും യുവതിയെപ്പറ്റി ദുഷ്പ്രചാരണം നടത്തിയിരുന്നെന്നും കുടുംബം ആരോപിച്ചു. തൃശ്ശൂര്‍ മണലൂര്‍ സ്വദേശി ശ്യാംഭവിയാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്യാംഭവി.

SHARE