ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഈസ്റ്റ് കോമ്പാറ അറവുശാലക്ക് സമീപം പരേതനായ കൂനന്‍ പോള്‍സന്റെ ഭാര്യ ആലീസി (58)നെയാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടിലെ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ കഴുത്തില്‍ മുറിവേറ്റ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കരുതുന്നുണ്ട്.

ഒറ്റക്ക് താമസിച്ചിരുന്ന ആലീസിന് രാത്രി കൂട്ടുകിടക്കാനായി വരാറുള്ള സ്ത്രീ വ്യാഴാഴ്ച വൈകീട്ട് എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് സാക്ഷയിട്ട് അടച്ച നിലയില്‍ കണ്ടെത്തിയത്. അകത്തുകയറി നോക്കിയപ്പോള്‍ അടുക്കളയുടെ തൊട്ടടുത്ത ഹാളില്‍ രക്തത്തില്‍ കുളിച്ച് മരിച്ചനിലയില്‍ ആലീസിനെ കണ്ടെത്തി.

ഉടന്‍തന്നെ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട സി.ഐ പി.ആര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആലീസിന് നാല് മക്കളാണ് ഉള്ളത്. മകന്‍ യു.കെയിലാണ്. പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞതിനാല്‍ ആലീസ് തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.

സംഭവമറിഞ്ഞ് എസ്.പി വിജയകുമാരനും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

മക്കള്‍: ധന്യ, സീമ, സ്മിത, അന്തോണീസ്. മരുമക്കള്‍: നിക്‌സന്‍, ബേബി, ബൈജു, സ്‌റ്റെഫി.

SHARE