നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍; വീട്ടമ്മ ജീവനൊടുക്കി; വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട ഫോണ്‍ ഉപയോഗിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണ്‍ തിരിച്ച് നല്‍കിയെങ്കിലും ഫോണിലെ ചില സ്വകാര്യ ചിത്രങ്ങള്‍ വിദ്യാര്‍ഥി സ്വന്തം ഫോണിലേക്ക് പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ഫോട്ടോയുടെ പേരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.

നഗ്‌നചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും വീട്ടമ്മയുടെ സഹോദരന്‍ പറഞ്ഞു. ഇത് നിഷേധിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായ നാലുപേരില്‍ ഒരാള്‍ 21 വയസുകാരനും 17ഉം 16ഉം വയസുള്ള വിദ്യാര്‍ഥികളുമാണ്. വ്യത്യസ്ഥ സ്‌കൂളുകളില്‍ പഠിക്കുന്ന ഇവര്‍ അയല്‍വാസികളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് വിദ്യാര്‍ഥികളുടെ ഫോണില്‍ നിന്നും വേറെയും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.

SHARE