ജാമിഅ വെടിവപ്പിന് പിന്നാലെ മോദിയോടൊപ്പമൊ ഷഹീന്‍ബാഗിനൊപ്പമോ എന്ന് ഡല്‍ഹി വോട്ടര്‍മാരോട് അമിത് ഷാ

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെയും പ്രകോപന പ്രസംഗത്തിന് മാറ്റം വരുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാമിഅ വെടിവപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഡല്‍ഹി വോട്ടര്‍മാരോടായി അമിത് ഷായുടെ ചോദ്യം മോദിയോടൊപ്പമൊ ഷഹീന്‍ബാഗിനൊപ്പമോ എന്നായിരുന്നു.

വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഛത്തര്‍പൂരില്‍ നടന്ന റാലിക്കിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി വീണ്ടും ഷഹീന്‍ ബാഗിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. നേരത്തെ നടന്ന റാലികളില്‍ ബിജെപ്പിക്ക് വോട്ട് ചെയ്താല്‍ ഡല്‍ഹിയില്‍ ‘ഒരിക്കലും ഒരു ഷഹീന്‍ ബാഗ് ഉണ്ടാകില്ലെന്ന് ഷാ പറഞ്ഞിരുന്നു.

ഹിന്ദു തീവ്രവാദിയായി രംഗപ്രവേശനം ചെയത ഗോപാല്‍ ശര്‍മയുടെ തോക്കിന് മുന്നില്‍ രാജ്യത്തിന്റെ ജനാധിപത്യം കാക്കാനായി മുന്നോട്ടുവന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്നതാണ് ഷായുടെ പരാമര്‍ശം.

നേരത്തെ ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമാണെന്നാണെന്ന് തെളിയികുയാണ്. വെടിവെപ്പിനു തൊട്ടു മുമ്പ് അക്രമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇ തിന് തെളിവാണ്. അക്രമത്തിന് മണിക്കൂറുക ള്‍ മുമ്പ് ഒന്നിലധികം പോസ്റ്റുകളാണ് ഇയാള്‍ ഇട്ടത്. താനാണ് ഒറിജിനല്‍ ഹിന്ദുവെന്നും മറ്റുള്ളവര്‍ക്ക് തന്റെ പാത പിന്തുടരാമെന്നുമാണ് ഒരു പോസ്റ്റില്‍ പറയുന്നത്. കാവി വസ്ത്രം ധരിച്ചെത്തി തന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ജയ് ശ്രീറാം വിളിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
യു.പിയിലെ കിഷന്‍ഗഞ്ചില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്. സമാധാനപരമായി നീങ്ങുന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിനു സമീപത്തേക്ക് താന്‍ നടന്നടുക്കുന്നതിന്റെ മൂന്ന് ലൈവുകളും ഫേസ്ബുക്കിലിട്ടിരുന്നു. ഷഹീന്‍ബാഗ്(പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം) അവസാനിപ്പിക്കണമെന്ന് അക്രമി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗിലെ വിധി തന്നെ(1919ല്‍ സ്വാതന്ത്ര്യ സമര സേനാനികളെ നിഷ്‌കരുണം വെടിവെച്ചുകൊന്ന ജനറല്‍ ഡയറിന്റെ നടപടി) ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കും നല്‍കണമെന്നാണ് ഇയാളുടെ മറ്റൊരു ആവശ്യം.

അതേസമയം അക്രമിയെ വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജാമിഅയിലെ വെടിവെപ്പിനെകുറിച്ച് ദല്‍ഹി പൊലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെടും. സംഭവത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെടും. ഇത്തരം സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. സംഭവത്തില്‍ പ്രതിയെ വെറുതെ വിടില്ല.’ അമിത് ഷാ പറഞ്ഞു. കര്‍ശന നടപടിക്ക് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയതായും അമിത് ഷാ ട്വീറ്റ് ചെയ്തു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്ത ഗോപാല്‍ ബജ്‌റംഗദഌന്റെ സജീവ പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിഅയിലേയ്ക്ക് പോയതെന്നാണ് ഇയാള്‍ പറയുന്നത്. കൂടാതെ തനിക്ക് തോക്ക് സംഘടിപ്പിച്ച് തന്നത് ഒരു സുഹൃത്താണെന്നും ഗോപാല്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ഗോപാലിന്റെ കുടുംബത്തെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.