ഹൊസങ്കടിയില്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ് മൂന്നുപേര്‍ക്ക് ഗുരുതരം

മഞ്ചേശ്വരം: ബൈക്കിലെത്തിയ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ് മൂന്നു യുവാക്കള്‍ക്ക് ഗുരുതരം. ഹൊസങ്കടി ടൗണില്‍ ജൂസ് കട നടത്തുന്ന നസീര്‍ (37), പൊസോട്ടെ ആതിഫ് (20), ഗാന്ധിനഗറിലെ മുഹമ്മദ് അഷ്‌റഫ് (33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂവരെയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11മണിയോടെ ഹൊസങ്കടിയിലാണ് സംഭവം.

നസീറിന്റെ കടയിലെ ജോലിക്കാരനാണ് ആതിഫ്. കട അടക്കാനുള്ള ഒരുക്കത്തിനിടെ മാരകായുധങ്ങളുമായി രണ്ടു ബൈക്കുകളിലെത്തിയ സംഘം കട അടിച്ചുതകര്‍ക്കുകയും നസീറിനെയും ആതിഫിനെയും അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ നസീറിനും ആതിഫിനും കഴുത്തിന് വെട്ടേറ്റു. ഇതിനിടെ കടയിലെത്തിയ അഷ്‌റഫിനെയും അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശബ്ദംകേട്ടെത്തിയ പരിസരവാസികളാണ് മൂവരെയും ആസ്പത്രിയിലെത്തിച്ചത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു. കഞ്ചാവ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

SHARE