ആരാധനാലയങ്ങള്‍ തുറക്കാം; 65 വയസ്സു കഴിഞ്ഞവരും കുട്ടികളും പോകരുത്- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ അടച്ചിട്ട ആരാധനാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖാവരണം നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

മാര്‍ഗരേഖയിങ്ങനെ

  • പ്രസാദമോ തീര്‍ത്ഥമോ ആരാധനാലയത്തിന് അകത്തു വച്ച് നല്കരുത്.
  • കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം.
  • വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്.
  • പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. സ്വന്തമായി പായ കൊണ്ടുവരണം
  • പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം വേണം
  • പ്രവേശിക്കും മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
  • ക്യൂവില്‍ സാമൂഹിക അകലം ഉണ്ടാകണം
  • വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും പരിശുദ്ധ ഗ്രന്ഥങ്ങളിലും തൊടാന്‍ അനുവദിക്കരുത്
  • ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധ ഉണ്ടായാല്‍ അവരെ പെട്ടെന്ന് മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിപ്പിക്കണം.
  • കോവിഡ് സ്ഥിരീകരിച്ചാല്‍ ആരാധനാലയം മുഴുവന്‍ അണുവിമുക്തമാക്കണം.
  • ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം
    ഇക്കാര്യങ്ങളെല്ലാം മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതലാണ് ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കുന്നത്. മെയ് 30 ലെ ഉത്തരവില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്നീട് പുറത്തിറക്കാം എന്നാണ് പറഞ്ഞിരുന്നത്. അതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. റെസ്റ്റോറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം വാതില്‍ വേണം. ഫുഡ് കോര്‍ട്ടില്‍ പകുതി സീറ്റുകളിലേ ആള്‍ക്കാരെ ഇരുത്താനാവൂ.

മാളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളില്‍ പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ പൂര്‍ണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

SHARE