കൊറോണ ഭീതിയിലും പൗരത്വനിയമത്തില്‍ പിന്നോട്ടില്ല; പുതിയ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:കോവിഡ് മഹാമാരി മനുഷ്യകുലത്തിനെയാകെ വെല്ലുവിളിക്കുമ്പോഴും വെറുപ്പിന്റെ രാഷ്ട്രീയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.. ഡിസംബറില്‍ പാര്‍ലമെന്റില്‍ പാസായ ബില്‍ ആറുമാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്നാണ് നിയമം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ നടപടികള്‍ നീണ്ടുപോയത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറോളം മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് പൗരത്വ നിയമഭേദഗതി. രാജ്യവ്യാപകമായി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മന്ത്രാലയം മറ്റ് ജോലികളില്‍ തിരക്കിലായിരുന്നുവെന്നും അതിനാല്‍ നിയമങ്ങള്‍ രൂപപ്പെടുത്താന്‍ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിയമങ്ങള്‍ ഉടന്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ 2019 ഡിസംബര്‍ 4 നാണ് അംഗീകരിച്ചത്. ഇത് 2019 ഡിസംബര്‍ 10 ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പാസാക്കി. ഇതിന് 2019 ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമമാവുകയും ചെയ്തു. തുടര്‍ന്നായിരുന്നു രാജ്യത്താകമാനം പ്രതിഷേധം അലയടിച്ചത്.

SHARE