ലോക്ക്ഡൗണ്‍ 2.0; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ ആരംഭിച്ചിരിക്കെ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 14 മുതല്‍ മെയ് 3 വരെയുള്ള രണ്ടാം ഘട്ട ലോക്ക്ഡൗണിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും മെയ് 3 വരെ വിമാന, റെയില്‍, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങി പൊതുഗതാഗതങ്ങള്‍ ഉണ്ടാകില്ലെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശളിലെ ഇളവുകള്‍ ഏപ്രില്‍ 20 മുതലാവും പ്രാബല്യത്തില്‍ വരുക. അതേസമയം കൊവിഡ് ഹോട്ട്‌സ്‌പോട്ടായി തിരിച്ച രാജ്യത്തെ വിവിധ മേഖലകളില്‍ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിനും സാമൂഹിക അകലം പാലിച്ചുള്ള തൊഴിലുറപ്പ് പദ്ധതിക്കും അനുമതിയുണ്ട്.

എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, മതപരമായ ചടങ്ങുകള്‍, മതപരമായ സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ മെയ് 3 വരെ അടച്ചിരിക്കും.

സിനിമാ ഹാളുകള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാറുകള്‍ എന്നിവയും അടച്ചിരിക്കും.

കൃഷിതോട്ടങ്ങളും മറ്റും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി. അവശ്യ വസ്തുക്കള്‍ക്കും ആവശ്യ സ്ഥാപനങ്ങള്‍ക്കും നിലവിലുള്ള ഇളവുകള്‍ തുടരും. അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി. പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം.

വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല. മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം. ഒത്തുചേരലുകള്‍ക്കും നിയന്ത്രണം.