ഡല്‍ഹി കലാപം: ഡല്‍ഹി സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു- കേസുകളില്‍ നേരിട്ട് ഇടപെട്ട് അമിത് ഷായുടെ ഓഫീസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍. ഡല്‍ഹി സര്‍ക്കാറിന്റെ നിയമ സംവിധാനത്തെ ബൈപാസ് ചെയ്താണ് സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാറിലെ മറ്റു ഉന്നത അഭിഭാഷകരും കേസില്‍ ഇടപെടുന്നത്. ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കപ്പെട്ട ഇന്ന് ഡല്‍ഹി ഹൈക്കോടതിയിലും ഈ ശീതസമരം പ്രകടമായി.

കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലീസിനു വേണ്ടി കോടതിയില്‍ ആര് ഹാജരാകും എന്നതാണ് പ്രശ്‌നം. പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാകും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലം ഡല്‍ഹി പൊലീസിനെ അറിയിച്ചിട്ടുള്ളത്. അഡീഷണല്‍ സോളിസിറ്റര്‍മാരായ മനീന്ദര്‍ ആചാര്യ, അമന്‍ ലേഖി, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അമിത് മഹാജന്‍, അഡ്വ. രജത് നായര്‍ തുടങ്ങിയ വന്‍ അഭിഭാഷക സംഘത്തെ തന്നെ കേസില്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ കേസുകളില്‍ അഭിഭാഷകരെ വയ്ക്കാനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിക്ഷിപ്തമാണ് എന്നാണ് ഡല്‍ഹി സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ (ക്രിമിനല്‍) രാഹുല്‍ മെഹ്‌റ പറയുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും വിധികള്‍ ഇതിന് തെളിവായുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഓഫീസിലൂടെയാണ് കേസുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു പോകേണ്ടത് എന്നും അദ്ദേഹം പറയുന്നു.

ഡല്‍ഹി കലാപത്തില്‍നിന്നുള്ള കാഴ്ച

‘ഡല്‍ഹി പൊലീസിനെ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ അത് എന്റെ ഓഫീസിലൂടെയാണ് നടക്കേണ്ടത്. എന്തു കൊണ്ടാണ് അതു നടക്കാത്തത് എന്നെനിക്കറിയില്ല’ – മെഹ്‌റയെ ഉദ്ധരിച്ച് പ്രമുഖ നിയമമാദ്ധ്യമമായ ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഇരു ഓഫീസുകളും തമ്മിലുള്ള ശീതസമരം ഇന്ന കോടതി മുറിയില്‍ കണ്ടു. ഇതു സംബന്ധിച്ച് തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചത് ഇങ്ങനെയാണ്; ‘ ഡല്‍ഹി പൊലീസിനു വേണ്ടി വാദിക്കാന്‍ കേന്ദ്രം ഞങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കാരണം കേന്ദ്രത്തിന് ഈ കേസുകളില്‍ ചില താത്പര്യങ്ങള്‍ ഉണ്ട്. ഡല്‍ഹി സര്‍ക്കാറിലെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കേന്ദ്രത്തിന്റെ നിയമോദ്യോഗസ്ഥനല്ല’.

അഭിഭാഷകര്‍ തമ്മിലുള്ള ശീതസമരം പ്രതികള്‍ക്ക് ലഭിക്കേണ്ട നിയമപരിരക്ഷ വൈകിപ്പിക്കും എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സഫൂറ സര്‍ഗാറിന്റെ ജാമ്യത്തില്‍ വാദം കേള്‍ക്കവെ ജഡ്ജ് രാജീവ് ശക്‌ധെര്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന ആശ്വാസങ്ങളെ ഈ വടംവലി അപകടത്തിലാക്കരുത് എന്നാണ് ശക്‌ധെര്‍ പറഞ്ഞത്.

ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിംകളെ പ്രതി ചേര്‍ത്താണ് ഡല്‍ഹി പൊലീസ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിവേചനം പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വര്‍ഗീയ കലാപത്തിന് കോപ്പു കൂട്ടുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ക്കെതിരെ പോലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേതൃത്വം നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആശങ്കയ്ക്ക് വക നല്‍കുന്നത്.