പൗരത്വ ഭേദഗതി ബില്‍; ചര്‍ച്ച അവസാനിച്ചു; വോട്ടെടുപ്പിനൊരുങ്ങി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിന്‍മേലുള്ള അംഗങ്ങലുടെ ചര്‍ച്ച അവസാനിച്ചു. ബില്ലിന്മേല്‍ മറുപടി വിശദീകരിക്കുന്ന അമിത് ഷാക്ക് സഭാ സ്പീക്കര്‍ വെങ്കയ്യ നായിഡു വോട്ടെടുപ്പിന് അനുമതി നല്‍കി. ബില്ലിന്മേലുള്ള മറുപടിക്ക് ശേഷം വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ വെങ്കയ്യ നായിഡു രാജ്യസഭയിലെ അംഗങ്ങളെ അറിയിച്ചു.

ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് നരേന്ദ്രമോദിയുടേതെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും മുസ്‌ലിംകള്‍ ഭയക്കേണ്ടെന്നും പറഞ്ഞു. അതേസമയം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബില്‍ അവതരിപ്പിക്കവേ അമിത് ഷാ ചോദിച്ചു. മുസ്‌ലിംകളെ മാത്രം ഒഴുവാക്കിയുള്ള ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് രാജ്യസഭയില്‍ അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന വാദം.

അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭരണഘടയുടെ അടിത്തറയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തുറന്നടിച്ചു. ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നതാണ് ബില്ലെന്നും ബിജെപി നീക്കം ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭജനം കോണ്‍ഗ്രസിന്റെ ആശയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞെന്നും രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ആര്‍.എസ്.എസ് നേതാവ് വി.ഡി. സവര്‍കര്‍ ആണെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തിരുത്തി.

എന്‍.ഡി.എ സര്‍ക്കാറിന് അനുസരിച്ച് ചരിത്രം മാറില്ലെന്നു കോണ്‍ഗ്രസ് വിഭജനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിക്കുക വഴി കേന്ദ്ര മന്ത്രി അമിത് ഷാ സ്വാതന്ത്ര സമരസേനാനികളെ അപമാനിക്കുകയാണെന്നും ശര്‍മ കുറ്റുപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ മോദിയെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം രോഷാകുലനായേനെ, ഗാന്ധിജി സങ്കടപ്പെടും, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ല. രണ്ട് രാജ്യമെന്ന വാദം മുഹമ്മദലി ജിന്നയുടേതല്ല. ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത് ഹിന്ദു മഹാസഭയാണ്. 1937ൽ ഗുജറാത്തിലാണ് ഹിന്ദു മഹാസഭ ഈ വാദം അവതരിപ്പിച്ചത്. വിഭജനത്തിന് ശേഷം വന്നവരെയെല്ലാം സ്വീകരിച്ചവരാണ് നമ്മള്‍. അവരില്‍ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. വിഭജനത്തിൽ ബ്രിട്ടീഷുകാരുടെ പങ്ക് നിങ്ങൾ എന്തു കൊണ്ട് പറയുന്നില്ലെന്നും ആനന്ദ് ശർമ ചോദിച്ചു.

ബി.ആര്‍ അംബേദ്കറെ അവഹേളിക്കുന്നതാണ് ബില്ലെന്നു പറഞ്ഞ ശര്‍മ, ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണെന്ന് ഓര്‍മിപ്പിച്ചു. 2016-ലെ ബില്ലും 2019-ലെ ബില്ലും തമ്മില്‍ ഒട്ടേറെ വ്യത്യാസമുണ്ട്. എന്തിന് ബില്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പാക്കണമെന്നും ബില്ല് പാര്‍ലമെന്റ് പരിശോധനക്കായി വിടണമെന്നും ബില്ലില്‍ സൂക്ഷമ പരിശോധന വേണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു വന്നാല്‍ ബില്ല് രാജ്യസഭയും കടന്ന് നിയമമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുകയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുകയും ചെയ്യുന്ന ബില്ല് ലോക്‌സഭ കടന്നതോടെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ലോക്‌സഭയില്‍ ബില്ല് പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

അമിത് ഷാ അവതിരിപ്പിച്ച പൗരത്വ ബില്ലിനെതിരെ സഭയില്‍ ശിവസേനയടക്കം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പ് നിലില്‍ക്കെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണച്ചു. നിലവിലുള്ള സാഹചര്യത്തില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ വേണ്ട ഭൂരിപക്ഷം ഭരണപക്ഷത്തിന് ഇല്ലെന്നിരിക്കെയാണ് ചെറുപാര്‍ട്ടികളുടെ പിന്തുണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

241 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 121 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിയുടെ 83 സീറ്റടക്കം എന്‍ഡിഎയ്ക്ക് നിലവില്‍ 105 അംഗങ്ങളുടെ വോട്ട് ലഭിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 2 സീറ്റുകളാണുള്ളത്. ഇത് കൂടാതെ എഐഎഡിഎംകെ.11, ബിജെഡി.7, ടിഡിപി 2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ പിന്തുണ കൂടി ബില്ലിനനുകൂലമാകാനാണ് സാധ്യത. അതായത് 127 പേരുടെയെങ്കിലും പിന്തുണ ബില്ലിന് ലഭിക്കും.

അതേസമയം സാഹചര്യം എന്ത് തന്നെയായാലും ബില്ല് രാജ്യസഭയില്‍ പാസാകാതിരി്ക്കാന്‍ എല്ലാ ശ്രമവും നടത്താനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം. ഇതിനായി ചെറുകക്ഷികളുമായി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ശിവസേനയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്.

പൗരത്വ ബില്ലിനെ രാജ്യസഭയില്‍ എതിര്‍ത്ത ശിവസേന, ബില്ലിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നും അനുകൂലിക്കുന്നവരെ ദേശ സ്‌നേഹികളെന്നുമാണ് വിളിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ബില്ലിനെതിരെ സംസാരിക്കുന്നവര്‍ പാകിസ്താനെ അനുകൂലിക്കുന്നവരെന്ന് വിളിക്കുന്നവര്‍ക്ക് ഇത് ഇന്ത്യയുടെ പാര്‍ലമെന്റാണെന്ന് ഓര്‍ക്കണമെന്നും ശിവസേന നേതാവ് എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.

എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന യു.പി.എക്ക് രാജ്യസഭയില്‍ ആകെയുള്ളത് 63 അംഗങ്ങള്‍. അവ തരം തിരിച്ചാല്‍:
കോണ്‍ഗ്രസ്-46, ആര്‍.ജെ.ഡി-04, എന്‍.സി.പി-04, ഡി.എം.കെ-05, ജെ.ഡി.എസ്-01, മറ്റുള്ളവര്‍-03 (ആകെ 63). ഇനി ഇത് രണ്ടിലും പെടാത്ത ബില്ലിനെ എതിര്‍ക്കുന്ന മറ്റുള്ളവര്‍:
തൃണമൂല്‍13, എസ്.പി-09, ഇടതു പാര്‍ട്ടികള്‍-06, ബി.എസ്.പി-04, എ.എ.പി-03, പി.ഡി.പി-02 (ആകെ 39 പേര്‍ യു.പി.എയെ അനുകൂലിക്കുന്നവര്‍). അതേസമയം 121 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി ഭവനിലേക്ക് അയക്കാം.