ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) അന്തരിച്ചു. ഫ്‌ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. ആറ് ദശാബ്ദക്കാലമാണ് ഹോളിവുഡില്‍ ബര്‍ട്ട് നിറഞ്ഞുനിന്നത്. 1997-ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച റെയ്‌നോള്‍ഡ്‌സിന് പറ്റിയ ഒരു പരിക്കാണ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് എത്തിച്ചത്. 1950-ല്‍ അഭിനയം തുടങ്ങിയെങ്കിലും 72ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് ഹിറ്റായത്. ചിത്രം മൂന്ന് ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു. 77-ല്‍ പുറത്തിറങ്ങിയ സ്‌മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അദ്ദേഹം അന്നത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചു. അസാമാന്യമായ അഭിനയ പാടവത്തിലൂടെ അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാരങ്ങളും നേടാനായിരുന്നു.