പാകിസ്താനെ വീഴ്ത്തി ഇന്ത്യ തലപ്പത്ത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി

ക്വന്റന്‍: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം.

ജയത്തോടെ റൗണ്ട് റോബിന്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറാനും ഇന്ത്യക്കു സാധിച്ചു. പ്രദീപ് മോര്‍ (22-ാം മിനുട്ട്), രൂപീന്ദര്‍ പാല്‍ സിങ് (33), രമണ്‍ദീപ് സിങ് (44) എന്നിവരുടെ ഗോളുകളാണ് അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്.

39-ാം മിനുട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍ പാകിസ്താനെ 1-2ന് മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, ഒരു മിനുട്ടിനുള്ളില്‍ രണ്ടു ഗോളടിച്ച ഇന്ത്യ സ്‌കോര്‍ 3-2ആക്കി വിജയം പിടിച്ചുവാങ്ങി. രൂപീന്ദറിന്റേയും രമണ്‍ദീപിന്റേയും ഗോളുകളാണ് രക്ഷക്കെത്തിയത്.
22-ാം മിനുട്ടില്‍ പ്രദീപ് മോറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. പത്തു മിനുട്ട് തികയും മുമ്പ് രിസ്‌വാന്‍ പാകിസ്താനെ ഒപ്പമെത്തിച്ചു.
3-2ന് പിന്നിലായ പാകിസ്താന്‍ അവസാന നിമിഷങ്ങളില്‍ കളി കൂടുതല്‍ ആവേശകരമാക്കി. ഒടുവിലെ പതിനഞ്ച് മിനുട്ട് ഇന്ത്യ പ്രതിരോധിച്ചു നില്‍ക്കുമോ എന്നതായിരുന്നു കമന്റേറ്റര്‍മാരുടെ ചോദ്യം.
അതിവേഗ ഹോക്കിയാണ് ഇരുടീമുകളും അവലംബിച്ചത്. ഒരു നിമിഷം പോലും കളിയില്‍ മെല്ലെപ്പോക്ക് കണ്ടില്ല. ആക്രമണത്തിലായിരുന്നു ഇന്ത്യയുടേയും പാകിസ്താന്റേയും ശ്രദ്ധ. ഒന്നിനു പിറകെ ഒന്നായി ആക്രമണ പരമ്പര. ഏത് നിമിഷവും ആരും ഗോളടിച്ചേക്കും എന്നതായിരുന്നു സ്ഥിതി.

എന്നാല്‍, വിജയം ഉറപ്പിച്ച് ഇന്ത്യ കളംവിട്ടതോടെ ക്യാപ്റ്റനും കീപ്പറും മലയാളി താരവുമായ പി.ആര്‍ ശ്രീജേഷ് നല്‍കിയ വാക്ക് പാലിച്ചു. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്കു വേണ്ടി പാകിസ്താനെതിരെ ജയിക്കുമെന്നായിരുന്നു ശ്രീജേഷിന്റെ പ്രഖ്യാപനം. ലോക റാങ്കിങില്‍ ഇന്ത്യ ആറാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ പതിമൂന്നാം സ്ഥാനത്താണ് പാകിസ്താന്‍.

ഏഷ്യന്‍ ടീമുകളില്‍ മുന്നിലുള്ള ടീമും ഇന്ത്യയാണ്. വന്‍കരയില്‍ കൊറിയക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്താന്‍.

SHARE