ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. അതിര്‍ത്തിയില്‍ എന്ത് സംഭവിച്ചാലും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഉത്തരവാദികളാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. 20 ജവാന്മാരുടെ രക്തസാക്ഷിത്വത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. പ്രധാനമന്ത്രിയുടെ ഏത് തീരുമാനത്തെയും എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കും, പക്ഷേ എന്താണ് തെറ്റ് സംഭവിച്ചതെന്ന് അദ്ദേഹം ജനങ്ങളോട് പറയണം, റൗത്ത് ആവശ്യപ്പെട്ടു.
ജൂണ്‍ 15 രാത്രിയില്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിലെ പിരിമുറുക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് റൗത്തിന്റെ വിമര്‍ശനം. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും മോശം നേതാവാണെന്നും രാജ്യത്തെ പ്രതിസന്ധിയിലാക്കിയ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനിടെയാണ് അതിര്‍ത്തിയിലെ സ്ഥിതിഗതിയെക്കുറിച്ച് സത്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന ആവശ്യവുമായി ശിവസേന നേതാവ് സഞ്ജയ് റൗത്തും രംഗത്തെത്തിയത്.
‘ചൈനയുടെ നുഴഞ്ഞുകയറ്റത്തിന് എപ്പോഴാണ് ന്യായമായ പ്രതികരണം ലഭിക്കുക?’ ഞങ്ങളുടെ 20 സൈനികര്‍ വെടിവയ്ക്കാതെ രക്തസാക്ഷിത്വം വരിച്ചു. നിങ്ങള്‍ എന്തുചെയ്യുകയാണ് എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു? ചൈന ഇന്ത്യ ആക്രമിച്ചിട്ടുണ്ടോ? പ്രധാനമന്ത്രിയേ, ഈ സമരസമയത്ത് രാജ്യം നിങ്ങളോടൊപ്പമുണ്ട്. പക്ഷേ, എന്താണ് സത്യം? സംസാരിക്കു എന്തെങ്കിലും പറയൂ രാജ്യം സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയേ, നിങ്ങള്‍ ധീരരും യോദ്ധാക്കളുമാണ്.നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം ചൈനയോട് പ്രതികാരം ചെയ്യും. ജയ് ഹിന്ദ്, ”സത്യം പറയാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.