കൊല്‍ക്കത്ത: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ അണി നിരന്ന് ഹിന്ദു സന്യാസികള്‍. പശ്ചിമബംഗാളില്‍ നടന്ന പ്രതിഷേധത്തിലാണ് നൂറുകണക്കിന് ഹിന്ദു സന്യാസികള്‍ ഭാഗമായത്. പശ്ചിം ബംഗാ സനാതന്‍ ബ്രാഹ്മണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയിലെ മയോ റോഡിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധിച്ചത്.
രാജ്യത്തും സംസ്ഥാനത്തും സമാധാനം വേണമെന്ന മുദ്രാവാക്യവുമായാണ് സന്യാസിമാര്‍ പ്രതിഷേധത്തില്‍ ഭാഗമായത്. ഇവര്‍ക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടി പ്രതിഷേധത്തിന്റെ ഭാഗമായി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുളള ഗൂഢനീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സന്യാസിമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം ഒഴിവാക്കാനുള്ള ശ്രമമാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.
അത് നിര്‍ഭാഗ്യകരമാണെന്നും സന്യാസിമാര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം ഒന്നായി നിന്നാല്‍ മാത്രമാണ് സമാധാനം പുനഃസ്ഥാപിതമാകൂവെന്നും പ്രതികരിച്ച സന്യാസിമാര്‍ പ്രതിഷേധത്ത അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയും ചെയ്തു. ഇന്നൊരു സമുദായത്തെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇനി അത് ഏത് സമൂഹം ആകാനുള്ള സാധ്യതയും തള്ളാനാവില്ലെന്നും സന്യാസിമാര്‍ പറഞ്ഞു.