സി.എ.എക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ധര്‍മസംരക്ഷണ സമിതി; പ്രമുഖര്‍ പങ്കെടുക്കും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ധര്‍മ സംരക്ഷണ സമിതി. കോഴിക്കോട് മുക്കത്തെ ഹിന്ദു ധര്‍മ സംരക്ഷണ സമിതിയാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 3 നു നടക്കുന്ന ഉപവാസത്തിലു ബഹുസ്വര സംഗമത്തിലും പ്രമുഖര്‍ പങ്കെടുക്കും.

നിയമം ജനങ്ങളില്‍ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

ഹിന്ദുവിന് എല്ലാ മതക്കാരും ആത്മ സഹോദരങ്ങളാണ്. അതിനാല്‍ തന്നെ മതത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇക്കാരണത്താല്‍ തന്നെ പൗരത്വം നല്‍കുന്നതിന് മനുഷ്യരുടെ മതം മാനദണ്ഡമാക്കുന്നതും ആരെയെങ്കിലും മതത്തിന്റെ പേരില്‍ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണെന്നും സമിതി ചൂണ്ടിക്കാട്ടി.