രക്തസാക്ഷിദിനത്തില്‍ ഗാന്ധിജിക്ക് നേരെ വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ

അലിഗഡ്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയെ പ്രതീകാത്മകമായി വീണ്ടും വധിച്ച് ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാന്ധിജിക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തത്.

ഗാന്ധിജിയുടെ രൂപത്തിന് നേരെ വെടുയുതിര്‍ത്ത ഉടനെ രക്തമൊലിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ടൈംസ് നൗ ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വെടിയുതിര്‍ത്ത ശേഷം പ്രവര്‍ത്തകര്‍ ഗോഡ്‌സെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിക്കാറുള്ളത്. ഇതിന്റെ ഭാഗമായി മധുരവിതരണം അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമെയാണ് ഇത്തവണ ഗാന്ധിജിയെ പ്രതീകാത്മകമായി കൊലപ്പെടുന്ന പരിപാടിയുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്.

SHARE