സെക്‌സ് വീഡിയോ ആവശ്യപ്പെട്ടു; കേരളത്തെ അപമാനിച്ച ഹിന്ദു മഹാസഭാ നേതാവ് ചക്രപാണിക്ക്  വീണ്ടും പണികൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്

കോഴിക്കോട്: മലയാളികള്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ പ്രളയമുണ്ടാകുന്നതെന്ന് പറഞ്ഞ് കേരളത്തെ അപമാനിച്ച ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയ്ക്ക് വീണ്ടും പണികൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്. പെണ്‍കുട്ടിയായി അഭിനയിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്ത് ഹണിട്രാപ്പിലൂടെയാണ് സൈബര്‍ വാരിയേഴ്‌സ് ഇത്തവണ പണി കൊടുത്തത്.

വാട്‌സ്ആപ്പ് ചാറ്റില്‍ സ്വാമി സെക്സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതിന്റെ സ്‌ക്രീന്‍ഷോട്ടും സൈബര്‍ വാരിയേഴസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ധ്വജ പ്രണാമം ചക്രപാണി സ്വാമി എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹണിട്രാപ്പില്‍ ഹിന്ദു മഹാസഭാ തലവന്‍ ചക്രപാണി കുടുങ്ങിയതോടെ സോഷ്യല്‍മീഡിയയില്‍ ഇത് ആഘോഷിക്കുകയാണ്.

പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തി ചക്രപാണി ഔദ്യോഗികമായി ഹിന്ദു മഹാസഭയുടെ വെബ്സൈറ്റില്‍ നല്‍കിയ നമ്പറിലേക്കാണ് കേരളാ സൈബര്‍ വാരിയേഴ്സ് അംഗങ്ങള്‍ വാട്ട്സാപ്പ് സന്ദേശം അയച്ചത്. ഇത് വിശ്വസിച്ച സ്വാമി പിന്നീടാണ് സെക്‌സ് വിഡിയോ അയക്കാന്‍ ആവശ്യപ്പെടുന്നത്. സന്ദേശം അയച്ച ഉടനെ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടിയതായും വീഡിയോയില്‍ പറയുന്നുണ്ട്. സ്‌കൂള്‍ ഡ്രെസിലും, കൂട്ടുകാരികളോടൊപ്പവും ഫോട്ടോ അയക്കാന്‍ സ്വാമി ചക്രപാണി ആവശ്യപ്പെടുന്ന ചാറ്റ് ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ആറു മിനുട്ടും 34 സെക്കന്റും ദൈര്‍ഘ്യമേറിയതാണ് വീഡിയോ. ഒരു ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

അതേസമയം കോഴിസ്വാമിയെ പിടിച്ചു, മലയാളികളോടാണോ കളി, ഇങ്ങള് പൊളിച്ചു ബ്രോസ് തുടങ്ങിയ രസകരമായ കമന്റ് നല്‍കിയാണ് ട്രോളന്‍മാര്‍ വീഡിയോയെ വരവേറ്റത്.

നേരത്തെ കേരളത്തിനെതിരെ ബീഫുമായി ബന്ധപ്പെട്ട് ചക്രപാണി വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ ഹിന്ദു മഹാസഭയുടെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്ത് അതില്‍ കേരള ബീഫ് കറി ഉണ്ടാക്കുന്ന വിധം വിവരിച്ച് കൊണ്ടാണ് സൈബര്‍ വാരിയേഴ്‌സ് പ്രതിഷേധമറിയിച്ചിരുന്നത്.